ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിനെ വെടിവെച്ചും വെട്ടിപ്പരിക്കേൽപ്പിച്ചും കൊലപ്പെടുത്തി. ഭംഗറിലെ ചൽതബേരിയ മേഖലയിൽ തൃണമൂൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റസാഖ് ഖാനാണ് കൊല്ലപ്പെട്ടത്. റസാഖ് ഖാൻ ഭംഗർ ബസാറിൽ നിന്ന് മാരീചയിലേക്ക് വീട്ടിലേക്ക് മടങ്ങുമ്പോൾ രാത്രി 10 മണിയോടെ ഒരു കനാലിനടുത്ത് വെച്ചാണ് കൊല്ലപ്പെട്ടത്.
പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിൽ വ്യാഴാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം നടന്നത്.
പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, അക്രമികൾ ആദ്യം ഖാനെ വെടിവയ്ക്കുകയും പിന്നീട് മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. സംഭവത്തിന് തൊട്ടുപിന്നാലെ കാശിപൂർ പൊലീസ് സ്റ്റേഷൻ സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കാനിംഗിൽ നിന്നുള്ള തൃണമൂൽ എംഎൽഎ സൗകത് മൊല്ല കൊല്ലപ്പെട്ട ഖാനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയാളാണ്. അദ്ദേഹം സംഭവസ്ഥലം സന്ദർശിച്ചു.