സ്‌കൂള്‍ സമയമാറ്റത്തില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനമെടുത്തതോടെയാണ് സമസ്ത പ്രത്യക്ഷ സമരത്തിന് ഇറങ്ങിയത്. സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. കളക്ട്രേറ്റ് മാര്‍ച്ച്, സെക്രട്ടറിയേറ്റ് ധര്‍ണ ഉള്‍പ്പടെയുള്ള സമര പരിപാടികള്‍ ആവിഷ്‌കരിച്ചു കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മന്ത്രി ചര്‍ച്ചയ്ക്ക് പോലും തയാറാകാത്ത വിധത്തിലുള്ള ജനാധിപത്യ വിരുദ്ധമായ സമീപനമാണ് സ്വീകരിക്കുന്നത് എന്നത് ഖേദകരം. അതുകൊണ്ട് തന്നെ സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് സാധ്യതയെന്ന് അദ്ദേഹം പറഞ്ഞു. മത പഠനത്തിന് കുറഞ്ഞ സമയമാണ് ലഭിക്കുന്നതെന്നും ഇനിയും സമയം കുറക്കുന്നത് മദ്രസ പഠനത്തെ സാരമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.