കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന വിഴിഞ്ഞം കണ്ടെയ്‌നര്‍ തുറമുഖത്ത് കപ്പലടുത്തിട്ട് ഒരുവര്‍ഷം തികയുന്നു. ഇതുവരെ 392 കപ്പലുകളാണ് തുറമുഖത്തെത്തിയത്. തുറമുഖ മന്ത്രി വി.എന്‍. വാസവന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കപ്പല്‍ ബെര്‍ത്തിംഗിന്റങെ ഒരു വര്‍ഷം ഓര്‍മ്മിപ്പിക്കുകയാണ്. കേരളത്തിന്റെയും ഇന്ത്യയുടെയും അഭിമാന പദ്ധതിയായ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ കണ്ടെയ്‌നര്‍ കപ്പല്‍ ബെര്‍ത്ത് ചെയ്തതിന്റെ ഒന്നാം വാര്‍ഷികമാണ് ഇന്ന്. ലോകത്തെ തന്നെ വിസ്മയിപ്പിക്കുന്ന കുതിപ്പാണ് ഈ കാലയളവില്‍ വിഴിഞ്ഞം നടത്തിയത്.
2024 ജൂലൈ 11ന് ആണ് സാന്‍ ഫെര്‍ണാണ്ടോ എന്ന കപ്പല്‍ കണ്ടെയ്‌നറുകളുമായി വിഴിഞ്ഞത്ത് അടുത്തത്. 2024 ഡിസംബറില്‍ കൊമേഴ്‌സ്യല്‍ ഓപ്പറേഷന്‍ ആരംഭിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 392 കപ്പലുകള്‍ വിഴിഞ്ഞത്ത് എത്തി. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന എം എസ് സി ഐറിന ഉള്‍പ്പെടെ 23 അള്‍ട്രാ ലാര്‍ജ് കണ്ടെയ്‌നര്‍ കപ്പലുകളും ഇക്കൂട്ടത്തിലുണ്ട്. ഐറിന ഉള്‍പ്പെടെ പല കപ്പലുകളും ഇന്ത്യയില്‍ ആദ്യമായാണ് ബെര്‍ത് ചെയ്തത്. ഇതുവരെ 8.3 ലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്തു.
വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങി ആദ്യ മാസങ്ങളില്‍ തന്നെ പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തനം നടത്തിയ ലോകത്തെ അപൂര്‍വം പോര്‍ട്ടുകളിലൊന്നായി വിഴിഞ്ഞം മാറിയിരിക്കുന്നു. ഓട്ടമേഷന്‍, എഐ ഉള്‍പ്പെടെയുള്ള നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് തുറമുഖം പ്രവര്‍ത്തിപ്പിക്കാന്‍ ഇന്ത്യയ്ക്ക് ശേഷിയുണ്ടെന്ന് ലോകത്തിനു മുന്നില്‍ തെളിയിക്കാന്‍ വിഴിഞ്ഞം വഴിയൊരുക്കി. കഴിഞ്ഞ 4 മാസങ്ങളായി ഇന്ത്യയിലെ തെക്ക്-കിഴക്കന്‍ തീരത്തെ തുറമുഖങ്ങളില്‍ ഒന്നാമതെത്താനും വിഴിഞ്ഞത്തിനു കഴിഞ്ഞു.
വിഴിഞ്ഞം പ്രദേശത്തെ വനിതകളെ പരിശീലിപ്പിച്ചു ഇന്ത്യയിലെ ആദ്യ വനിതാ ഓട്ടമേറ്റഡ് ക്രെയിന്‍ ഓപ്പറേറ്റര്‍മാരാക്കിയത് രാജ്യാന്തര തലത്തില്‍ വരെ ശ്രദ്ധ നേടി. ആരോഗ്യം, വിദ്യാഭ്യാസം, നൈപുണ്യ വികസനം ഉള്‍പ്പെടെയുള്ള മേഖലകളിലെ സമൂഹിക ഉത്തരവാദിത്ത പദ്ധതികളിലൂടെ ഒരു ലക്ഷത്തിലേറെ പേരെ പിന്തുണയ്ക്കാനും പദ്ധതിയിലൂടെ കഴിഞ്ഞു. ഒന്നാം വര്‍ഷം അഭിമാനത്തോടെ ആഘോഷിക്കുന്നതിനൊപ്പം ഏതാണ്ട് 10000 കോടിയിലേറെ ചെലവ് പ്രതീക്ഷിക്കുന്ന രണ്ടാം ഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങളും ഉടന്‍ തുടങ്ങും. ഇന്ത്യയുടെ മാരിടൈം മേധാവിത്വത്തിലേക്കുള്ള പടിവാതിലായി വിഴിഞ്ഞം വളരും.
CONTENT HIGH LIGHTS; Vizhinjam Port: First anniversary of the berthing of the first container ship; 392 ships, including 23 ultra-large container ships including MSC Irina, have arrived in one year