സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് മസൂറി. നിരവധി സഞ്ചാരികളാണ് മസൂറിയുടെ കാഴ്ചകൾ കാണാനായി എത്തുന്നത്. മസൂറിയിലും, ചുറ്റുപാടുമായിട്ട് ഒരു പാട് മനോഹര സ്ഥലങ്ങൾ സ്ഥിതി ചെയ്യുന്നു. ഹിമാലയ നിരകളുടെ താഴ്വരകളിൽ സ്ഥിതിചെയ്യുന്ന ഈ മലമ്പ്രദേശം’ മലനിരകളുടെ രാജ്ഞി’ എന്നാണ് അറിയപ്പെടുന്നത്.
മസൂറിയിലേക്കാണ് നിങ്ങളുടെ അടുത്ത യാത്ര എങ്കിൽ ഇനി മുതൽ കുറച്ച് അധികം നടപടി ക്രമങ്ങളുണ്ട്. മസൂറിയിലേക്കു യാത്ര ആരംഭിക്കുന്നതിന് മുൻപ് സഞ്ചാരികൾ മുൻകൂട്ടി റജിസ്റ്റർ ചെയ്യണം. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇവിടേക്ക് എത്തുന്ന സഞ്ചാരികൾക്ക് മുൻകൂർ റജിസ്ട്രേഷൻ ഏർപ്പെടുത്തിയിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനും ഗതാഗതകുരുക്കു കുറയ്ക്കുന്നതിന്റെയും ഭാഗമായിട്ടുമാണ് പുതിയ നിയന്ത്രണം.
പ്രവേശനം ക്യു ആർ കോഡ് പാസ് വഴി
പുതിയ തീരുമാനം അനുസരിച്ച് നേരത്തെ റജിസ്റ്റർ ചെയ്ത് ക്യു ആർ കോഡ് പാസ് നേടുന്ന സഞ്ചാരികൾക്കു മാത്രമായിരിക്കും ഇവിടേക്ക് പ്രവേശനം അനുവദിക്കുക. അമിതമായ വിനോദ സഞ്ചാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്. ഗതാഗതകുരുക്ക് കുറയ്ക്കുന്നതിലൂടെ സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്താനാണ് ഉദ്ദേശിക്കുന്നത്.
ഇരട്ടിയായി വിനോദസഞ്ചാരികൾ
ഒരുകാലത്ത് യാതൊരുവിധ തിരക്കുകളും ഇല്ലാതിരുന്ന വേനൽക്കാല അവധിക്കാല സങ്കേതമായിരുന്നു മസൂറി. എന്നാൽ, ഇന്ന് ഉത്തരേന്ത്യയിൽ അമിതമായി വിനോദസഞ്ചാരികൾ എത്തുന്ന ഒരു സ്ഥലമാണ് ഇത്. 2022ൽ മസൂറിയിലേക്ക് 1.1 മില്യൺ വിനോദസഞ്ചാരികളാണ് എത്തിയത്. എന്നാൽ, രണ്ടു വർഷം കൊണ്ട് ഇത് ഇരട്ടിയായി. 2024ൽ 2.1 മില്യൺ സഞ്ചാരികളാണ് ഇവിടേക്ക് എത്തിയത്. ഹിൽസ്റ്റേഷന്റെ പരിമിതമായ സൗകര്യങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ഈ തിരക്ക് സമ്മർദ്ദത്തിലാക്കി. വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും പ്രശസ്തമായ മാൾ റോഡ്, പിക്ചർ പാലസിനും ഗാന്ധി ചൗക്കിനും ഇടയിലുള്ള റോഡ് എന്നിവിടങ്ങളിലെല്ലാം ഗതാഗതകുരുക്കും ബഹളങ്ങളുമാണ്.
ഗതാഗതകുരുക്ക് പരിഹരിക്കാൻ
അവധിക്കാലങ്ങളിലും തിരക്കേറുന്ന സമയങ്ങളിലും ഉണ്ടാകുന്ന ഗതാഗതകുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇവിടേക്ക് എത്തുന്ന സഞ്ചാരികൾക്ക് ഒരു മുൻകൂർ റജിസ്ട്രേഷൻ സംവിധാനം ഒരുക്കിയിരിക്കുന്നത്. വേനൽക്കാല അവധി ദിവസങ്ങൾ, നീണ്ട വാരാന്ത്യങ്ങൾ തുടങ്ങിയ തിരക്കേറിയ സമയങ്ങളിൽ ഈ മുൻകൂർ റജിസ്ട്രേഷൻ സംവിധാനം ചെയ്യേണ്ടതായുണ്ട്. ഇത്തരത്തിൽ മുൻകൂറായി റജിസ്റ്റർ ചെയ്യാത്ത പക്ഷം പ്രധാന ചെക്ക് പോയിന്റുകളിൽ നിന്നു മടക്കി അയയ്ക്കാനുള്ള സാധ്യതയുണ്ട്.
പ്രവേശനകവാടങ്ങളിൽ ക്യാമറകൾ
മസൂറിയിലേക്കുള്ള പ്രധാന പ്രവേശന കവാടങ്ങളായ കിമാഡി, കെംപ്റ്റി ഫാൾ, കുതാൽ ഗേറ്റ് എന്നിവിടങ്ങളിൽ കാമറകൾ സ്ഥാപിക്കുമെന്നു ടൂറിസം സെക്രട്ടറി ധിരജ് സിങ് ഗർബിയാൽ പറഞ്ഞു. മസൂറിയിലേക്ക് വരുന്ന വിനോദസഞ്ചാരികളെയും വാഹനങ്ങളെയും നിരീക്ഷിക്കുന്നതിനു വേണ്ടിയാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. തിരക്ക് എത്രത്തോളം ഉണ്ടെന്ന് അറിയാനും ഗതാഗതം മെച്ചപ്പെടുത്താനുമാണ് ഇത് ഉപയോഗിക്കുക. തിരക്കേറിയ യാത്രാസമയങ്ങളിൽ മാത്രമായിരിക്കും ഈ സംവിധാനം ഉപയോഗിക്കുക. കഴിഞ്ഞയിടെ തിരക്ക് മൂലം ആശുപത്രിയിൽ എത്താൻ വൈകിയത് ഒരു സഞ്ചാരിയുടെ മരണത്തിന് പോലും കാരണമായിരുന്നു.
ഓൺലൈൻ റജിസ്ട്രേഷൻ
ഒറ്റത്തവണ പാസ് വേർഡ് അടിസ്ഥാനമാക്കിയുള്ളത് ആയിരിക്കും ഓൺലൈൻ റജിസ്ട്രേഷൻ. വിനോദസഞ്ചാരികളുടെ എണ്ണം, ബന്ധപ്പെടാനുള്ള വിവരങ്ങൾ, വാഹനത്തിന്റെ നമ്പർ, താമസം സംബന്ധിച്ച വിശദാംശങ്ങൾ, എത്ര കാലത്തേക്ക് താമസിക്കും എന്നതിന്റെ വിശദാംശങ്ങൾ റജിസ്ട്രേഷൻ സമയത്ത് നൽകണം. റജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾ സഞ്ചാരികൾക്ക് ഒരു ക്യു ആർ കോഡ് ലഭിക്കും. പ്രവേശന കവാടങ്ങളിൽ ഈ ക്യു ആർ കോഡ് സ്കാൻ ചെയ്യണം. വിദേശ സഞ്ചാരികൾക്ക് ഇ-മെയിലിൽ ഒടിപി ലഭിക്കും. ക്യു ആർ കോഡ് കൈവശമില്ലാത്തവർക്ക് പ്രവേശനം വിലക്കി മടക്കി അയയ്ക്കാൻ സാധ്യതയുണ്ട്.