Travel

എന്താ വെറൈറ്റി അല്ലെ…; കട്ടിലിൽ കിടന്നുകൊണ്ട് വെള്ളച്ചാട്ടം ആസ്വദിച്ച് നടൻ ദിനേശ് പ്രഭാകർ

വെള്ളച്ചാട്ടത്തിനു നടുവിൽ കട്ടിലിട്ടു കിടന്നുകൊണ്ട് വൈബ് ആസ്വദിച്ച് മലയാളികളുടെ പ്രിയപ്പെട്ട നടൻ ദിനേശ് പ്രഭാകർ. മലപ്പുറത്തെ വെള്ളച്ചാട്ടം കിടന്നുകൊണ്ട് ആസ്വദിക്കുന്ന താരത്തിന്റെ വീഡിയോ ഇതൊനൊടകം വൈറൽ ആണ്.

ഒട്ടേറെ ആളുകള്‍ ഇതിനടിയില്‍ രസകരമായ കമന്‍റുകള്‍ ചെയ്തിട്ടുണ്ട്. “ജൂനിയർ മാൺഡ്രേക്ക് സിനിമയിൽ വഴിയിൽ പായ വിരിച്ച് ജഗതി കിടന്ന പോലുണ്ട്” എന്ന് ഒരാള്‍ കമന്‍റ് ചെയ്തു. “മത്സ്യകന്യകൻ കിടക്കുന്ന കിടപ്പ് കണ്ടാ…” എന്നാണ് മറ്റൊരു കമന്‍റ്. “മാത്തുക്കുട്ടിയുടെ ഉള്ളിൽ ഒന്നുമില്ലാത്ത കൊണ്ട് വെള്ളത്തിലൊക്കെ പൊങ്ങികിടക്കാൻ പറ്റും” എന്ന് വേറെ ഒരാള്‍ കമന്‍റ് ചെയ്തു.

മഴക്കാലത്ത് മലപ്പുറത്തെ വെള്ളച്ചാട്ടങ്ങള്‍ കാണാന്‍ പോകാം

ചാലിയാർ, കടലുണ്ടി, ഭാരതപ്പുഴ എന്നീ മൂന്ന് പ്രധാന നദികള്‍ മലപ്പുറത്തിന്‍റെ മാറിലൂടെ ഒഴുകുന്നു. സാഹസികരായ സഞ്ചാരികൾക്ക് നിരവധി ട്രക്കിങ് പാതകളും കുടുംബങ്ങൾക്ക് ഉല്ലസിക്കാൻ പറ്റിയ പിക്നിക് സ്പോട്ടുകളുമെല്ലാം ഉണ്ടെങ്കിലും കേരളത്തിന്‍റെ ടൂറിസം മാപ്പില്‍ സ്വന്തം സ്ഥാനം ഉറപ്പിച്ചു വരുന്നേയുള്ളൂ മലപ്പുറം. മഴക്കാലമാകുമ്പോള്‍ നിറഞ്ഞൊഴുകുന്ന മനോഹരമായ കുറച്ചു വെള്ളച്ചാട്ടങ്ങള്‍ മലപ്പുറം ജില്ലയിലുണ്ട്‌.

മലപ്പുറത്തെ മഴക്കാല വെള്ളച്ചാട്ടങ്ങൾ

ആഢ്യൻപാറ വെള്ളച്ചാട്ടം: നിലമ്പൂരിനടുത്തുള്ള കുറുമ്പലങ്ങോട് എന്ന ചെറിയ ഗ്രാമത്തിലെ മനോഹരമായ ഒരു വെള്ളച്ചാട്ടമാണ് ആഢ്യൻപാറ. മഴക്കാലത്ത് കൂടുതൽ പ്രൗഢിയോടെ ഒഴുകുന്ന ഈ വെള്ളച്ചാട്ടം, കുതിരപ്പുഴയുടെ കൈവഴിയായ ചാലിയാർ പുഴയിലാണ് ഉള്ളത്. ചൂടുള്ള വേനൽക്കാലത്ത് ജലപ്രവാഹം താരതമ്യേന കുറവാണ്. മഴക്കാലത്ത്, 300 അടി ഉയരത്തിൽ നിന്നു താഴേക്ക് പതിക്കുന്ന വെള്ളം അതിശക്തമായി
കുത്തിയൊലിക്കുന്നത് മനം കവരുന്ന കാഴ്ചയാണ്.

ആഢ്യൻപാറ വെള്ളച്ചാട്ടത്തിന് സമീപം നിരവധി രസകരമായ വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്. ലോകത്തിലെ ആദ്യത്തെ തേക്ക് മ്യൂസിയമായ നിലമ്പൂർ തേക്ക് മ്യൂസിയം, പട്ടണത്തിൽ നിന്ന് നാല് കിലോമീറ്റർ അകലെ, ഗൂഡല്ലൂർ ഹൈവേയിലാണ് സ്ഥിതി ചെയ്യുന്നത്. ഏറ്റവും പഴക്കമേറിയ മനുഷ്യനിർമ്മിത തേക്ക് തോട്ടം സ്ഥിതി ചെയ്യുന്ന കൊണോലി പ്ലോട്ട്, കടലുണ്ടി പക്ഷിസങ്കേതം, നെടുങ്കയം മഴക്കാടുകൾ, തിരുമാന്ധാംകുന്ന് ക്ഷേത്രം, എലെമ്പലൈ കുന്നുകൾ, ബംഗ്ലാവ് കുന്ന് എന്നിവയാണ് സമീപത്തുള്ള മറ്റ് ആകർഷണങ്ങൾ.

കൈനികര വെള്ളച്ചാട്ടം: നിലമ്പൂരിനടുത്തുള്ള കാടിനുള്ളിൽ സ്ഥിതി ചെയ്യുന്ന കൈനികര വെള്ളച്ചാട്ടം മഴക്കാലത്ത് പൂർണ്ണ ഭംഗിയിൽ കാണാൻ സാധിക്കും. ഏകദേശം 200 അടി ഉയരത്തിൽ നിന്ന് പാറക്കെട്ടുകളിലൂടെ ചിതറിത്തെറിച്ച് താഴേക്ക് പതിക്കുന്ന വെള്ളം മനോഹരമായ കാഴ്ചയാണ്. വനംവകുപ്പിന്‍റെ അനുമതിയോടെ മാത്രമേ ഇവിടേക്ക് പ്രവേശിക്കാൻ സാധിക്കൂ.

കോഴിപ്പാറ വെള്ളച്ചാട്ടം: മലപ്പുറം-കോഴിക്കോട് ജില്ലകളുടെ അതിർത്തിയിലുള്ള കക്കാടംപൊയിലിൽ, വനത്താൽ ചുറ്റപ്പെട്ട കോഴിപ്പാറ വെള്ളച്ചാട്ടം ട്രെക്കിംഗിനും പാറകയറ്റത്തിനും അനുയോജ്യമായ സ്ഥലമാണ്. ദിവസം മുഴുവൻ മൂടൽമഞ്ഞിൽ മൂടപ്പെട്ടിരിക്കുന്ന ചോക്കാട് അരുവിയിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം മഴക്കാലത്ത് അതിമനോഹരമാണ്. 150 അടി ഉയരത്തിൽ നിന്ന് പല തട്ടുകളായി താഴേക്ക് പതിക്കുന്ന തെളിഞ്ഞ വെള്ളം ഈ സമയത്ത് കൂടുതൽ ശക്തിയോടെ ഒഴുകിയെത്തും.

എടവണ്ണ ഫോറസ്റ്റ് റേഞ്ചിൽ അകമ്പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് കോഴിപ്പാറ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. വനംവകുപ്പാണ് ഇവിടേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നത്.

നിലമ്പൂരിൽനിന്ന്, അകമ്പാടംവഴി മൂലേപ്പാടം പാലം കടന്ന് കക്കാടംപൊയിലിലെത്താം. കോഴിക്കോട്ടുനിന്നു വരുന്നവർക്ക് മുക്കം കാരമ്മൂല, കൂടരഞ്ഞി വഴിയുമെത്താം. രണ്ടുവഴിക്കും കെ എസ് ആർ ടി സി ബസ് സർവീസുകളുണ്ട്. അവിടെനിന്ന്, മൂന്നു കിലോമീറ്ററോളം നായാടം പൊയിൽ വഴിയിൽ പോകുമ്പോൾ കോഴിപ്പാറ വെള്ളച്ചാട്ടത്തിനടുത്തെത്താം.

കേരളാംകുണ്ട് വെള്ളച്ചാട്ടം: മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിൽ, സൈലന്റ് വാലി നാഷണൽ പാർക്കിന്‍റെ ബഫർ സോണിലാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.കൽക്കുണ്ട് വെള്ളച്ചാട്ടം, കരുവാരക്കുണ്ട് വെള്ളച്ചാട്ടം എന്നീ പേരുകളിലും ഈ വെള്ളച്ചാട്ടം അറിയപ്പെടുന്നു.

കരുവാരക്കുണ്ട് വരെ ജീപ്പ് വാടകയ്‌ക്കെടുക്കുക എന്നതാണ് വെള്ളച്ചാട്ടത്തിലെത്താനുള്ള ഏറ്റവും നല്ല മാർഗം. ഇടതൂർന്ന പച്ചപ്പിലൂടെ കാൽനടയായി സഞ്ചരിച്ച് കേരളാംകുണ്ട് വെള്ളച്ചാട്ടത്തിലെത്താം. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മഴക്കാലത്ത് വെള്ളച്ചാട്ടങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കാനാണ് പൊതുവെ പറയുന്നത്. ഈ സമയത്ത് ജലപ്രവാഹം വർധിക്കുന്നതിനാല്‍ പാറക്കെട്ടുകൾ വഴുക്കലുള്ളതും പ്രദേശത്ത് അപകട സാധ്യത കൂടുതലുമാണ്. ഒക്ടോബർ മുതൽ മേയ് വരെയുള്ള കാലയളവാണ് ഈ വെള്ളച്ചാട്ടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.