ലോകത്തിലെ വിപണി മൂല്യം കൂടിയ ലിസ്റ്റഡ് കമ്പനിയായി മാറി എൻവിഡിയ. ഓഹരി വിലയിലുണ്ടായ കുതിപ്പാണ് ഈ റെക്കോർഡിന് കാരണം. ചിപ്പ് നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന ഈ കമ്പനിയുടെ വിപണി മൂല്യം 4 ട്രില്യൺ ഡോളർ മറികടന്നു. എൻവിഡിയ ഓഹരികൾ പുതിയ സർവ്വകാല ഉയരം കുറിച്ചതോടെയാണ് വാൾസ്ട്രീറ്റിൽ ബുധനാഴ്ച്ച ലോകറെക്കോർഡ് പിറന്നത്. ടെക് ഭീമൻമാരായ ആപ്പിൾ, മൈക്രോസോഫ്റ്റ് എന്നിവയെ മറികടന്ന്, ഏറ്റവും ഉയർന്ന വിപണി മൂല്യത്തിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനിയായി എൻവിഡിയ മാറി. 5% ഉയർച്ച കൂടി ഉണ്ടായാൽ വിപണി മൂല്യം ഇന്ത്യൻ ജി.ഡി.പിയെ മറികടക്കും.നിലവിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ 4.2 ട്രില്യൺ ഡോളറുകളുടേതാണ്. 2025 വർഷം അവസാനത്തോടെ ഇന്ത്യൻ ജി.ഡി.പി 4.27 ട്രില്യൺ ഡോളറിലെത്തുമെന്നാണ് കണക്കു കൂട്ടൽ. നിർമിത ബുദ്ധി സംബന്ധിച്ച ഡെവലപ്മെന്റ്സും, പ്രതീക്ഷകളും വാൾസ്ട്രീറ്റിൽ എ.ഐ ബൂം സൃഷ്ടിക്കുകയായിരുന്നു. ഈ തിരതള്ളലിൽ എൻവിഡിയ ഓഹരികൾ ബുധനാഴ്ച്ച 2.76% ഉയർന്ന് 52 ആഴ്ച്ചകളിലെ ഉയരമായ 164.42 ഡോളറുകളിലെത്തി. 2025 ജൂലൈ 9 പ്രകാരമുള്ള കണക്കുകളിൽ വിപണി മൂല്യത്തിൽ എൻവിഡിയയ്ക്ക് പിന്നിലായുള്ളത് മൈക്രോസോഫ്റ്റ് (3.751 ട്രില്യൺ ഡോളർ), ആപ്പിൾ (3,135 ട്രില്യൺ ഡോളർ) എന്നീ കമ്പനികളാണ്.
















