ദുബായ്: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന പേര് ഇനി ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് സ്വന്തം. രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ ദുബായ് രാജ്യാന്തര വിമാനത്താവളം (ഡിഎക്സ്ബി) വീണ്ടും ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി മാറി.
എയർപോർട്ട്സ് കൗൺസിൽ ഇന്റർനാഷനൽ (എസിഐ) പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, 2024-ൽ 92.33 ദശലക്ഷം രാജ്യാന്തര യാത്രക്കാരെയാണ് ഡിഎക്സ്ബി സ്വാഗതം ചെയ്തത്. ഇത് മുൻവർഷത്തേക്കാൾ 6.1 ശതമാനം വർധനവ് രേഖപ്പെടുത്തി.
രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ ഡിഎക്സ്ബി ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ, 79.19 ദശലക്ഷം യാത്രക്കാരുമായി ലണ്ടൻ ഹീത്രൂ രണ്ടാം സ്ഥാനത്തും ദക്ഷിണ കൊറിയയിലെ ഇൻചിയോൺ (70.67 ദശലക്ഷം), സിംഗപ്പൂർ (67.06 ദശലക്ഷം), ആംസ്റ്റർഡാം (66.82 ദശലക്ഷം) എന്നിവ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്. ആകെ യാത്രക്കാരുടെ (ആഭ്യന്തര, രാജ്യാന്തര) കണക്കിൽ, 108.07 ദശലക്ഷം യാത്രക്കാരുമായി അറ്റ്ലാന്റ മുന്നിൽ നിൽക്കുന്നു. ദുബായ് രാജ്യാന്തര വിമാനത്താവളം രണ്ടാം സ്ഥാനത്തും ഡാലസ് ഫോർട്ട് വർത്ത് (87.81 ദശലക്ഷം), ടോക്കിയോ ഹനേഡ (85.9 ദശലക്ഷം), ലണ്ടൻ ഹീത്രൂ (83.88 ദശലക്ഷം) എന്നിവ അടുത്ത സ്ഥാനങ്ങളിലുമുണ്ട്.
ആഗോള വ്യോമയാന രംഗത്തെ വളർച്ച
2024-ൽ ആഗോള യാത്രാ മേഖല പുതിയ റെക്കോർഡ് സ്ഥാപിച്ചു, 9.4 ബില്യൻ യാത്രക്കാരെ മറികടന്നു. ഇത് 2023 നെ അപേക്ഷിച്ച് 8.4 ശതമാനം വർധനവും കോവിഡ് മഹാമാരിക്ക് മുൻപുള്ള 2019 ലെ നിലവാരത്തേക്കാൾ 2.7 ശതമാനം അധികവുമാണ്. ലോകത്തിലെ ഏറ്റവും തിരക്കേറിയ 20 വിമാനത്താവളങ്ങൾ ആഗോള ഗതാഗതത്തിന്റെ 16 ശതമാനം കൈകാര്യം ചെയ്തു. ഇതിൽ അമേരിക്കയിൽ നിന്ന് ആറ് വിമാനത്താവളങ്ങൾ ഉൾപ്പെടുന്നു, അവയിൽ ഭൂരിഭാഗവും ആഭ്യന്തര ഗതാഗതത്തെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്.
കാർഗോ ഗതാഗതവും വിമാന നീക്കങ്ങളും
2024-ൽ വിമാന കാർഗോ ഗതാഗതം 127 ദശലക്ഷം മെട്രിക് ടണ്ണായി ഉയർന്നു. ഇത് മുൻവർഷത്തേക്കാൾ 9.9 ശതമാനം വർധനവും 2019 നെ അപേക്ഷിച്ച് 4.1 ശതമാനം കൂടുതലുമാണ്. വളർച്ചയുടെ പ്രധാന കാരണങ്ങളിൽ കടൽ വഴിയുള്ള ഗതാഗതത്തിലെ അസ്ഥിരത, ഇ-കൊമേഴ്‌സിന്റെ വളർച്ച, ജെറ്റ് ഇന്ധന വിലയിലെ കുറവ് എന്നിവ ഉൾപ്പെടുന്നു. ഈ വിഭാഗത്തിൽ ഡിഎക്സ്ബി 17-ൽ നിന്ന് 11-ാം സ്ഥാനത്തേക്ക് ഉയർന്ന് ശ്രദ്ധേയമായ മുന്നേറ്റം നടത്തി. വിമാന നീക്കങ്ങൾ 2024-ൽ ആഗോളതലത്തിൽ 100.6 ദശലക്ഷം കവിഞ്ഞു, ഇത് മുൻവർഷത്തേക്കാൾ 3.9 ശതമാനം വർധനവാണ് രേഖപ്പെടുത്തുന്നത്.