ഏറെ കോളിളക്കം സൃഷ്ടിച്ച ഭാസ്കര കാരണവർ കൊലക്കേസ് പ്രതി ഷെറിൻ ജയിൽ മോചിതയാകുന്നു. 14 വർഷം ശിക്ഷ പൂർത്തിയായ സാഹചര്യത്തിലാണ് ഇളവ്.ഷെറിൻ ഉൾപ്പെടെയുള്ള പതിനൊന്ന് പേർക്ക് ശിക്ഷയിളവ് നൽകി വിട്ടയക്കണമെന്ന സർക്കാർ ശുപാർശ ഗവണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അംഗീകരിക്കുകയായിരുന്നു. നേരത്തേ ഷെറിന് ശിക്ഷായിളവ് നൽകി വിട്ടയക്കണമെന്ന് സർക്കാർ ശുപാർശ വിവാദമായിരുന്നു. ഷെറിന് അടിക്കടി പരോൾ കിട്ടിയത് എടുത്തുകാട്ടിയാണ് സർക്കാരിനെതിരെ വിമർശനം ഉയർന്നത്. ഷെറിന് ശിക്ഷാ ഇളവ് നൽകാൻഅസാധാരണ വേഗത്തിൽ സർക്കാർ തീരുമാനമെടുത്തതാണ് വിവാദമായത്.
ജയിലിലെ നല്ലനടപ്പും മാനസാന്തരവും നിയമപരമായ അർഹതയും പരിഗണിച്ചാണ്ജയിൽ മോചനത്തിന് ശുപാർശ നൽകിയതെന്ന് ജയിൽ ഉപദേശക സമിതി അംഗം തന്നെ ന്യായീകരിക്കുകയും ചെയ്തിരുന്നു. ഇതും ഏറെ വിവാദമായിരുന്നു. സഹതടവുകാരുമായും ഉദ്യോഗസ്ഥരുമായും ജയിലിൽ പ്രശ്നങ്ങളുണ്ടാക്കിയതിനാൽ നാലു തവണ ജയിൽ മാറ്റിയ ഷെറിനെ ന്യായീകരിച്ചുള്ള ശുപാർശയാണ് വിവാദമായത്.
ഇതിനിടയിലാണ് നൈജീരിയൻ സ്വദേശിനിയായ തടവുകാരിയെ മർദിച്ച സംഭവത്തിൽ ഷെറിനും മറ്റൊരു തടവുകാരിയായ സ്ത്രീയ്ക്കുമെതിരെ കണ്ണൂർ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇത് ഷെറിന്റെ മോചനത്തിന് തിരിച്ചടിയായി.
ഇതേത്തുടർന്ന് ഓരോ തടവുകാരുടേയും കുറ്റകൃത്യം, ശിക്ഷ, പരോൾ ലഭ്യമായത്, ജയിലിലെ പെരുമാറ്റം തുടങ്ങിയ വിശദാംശങ്ങൾ പ്രതിപാദിക്കുന്ന ഫോം രാജ് ഭവൻ ഏർപ്പെടുത്തി. ശുപാർശയോടൊപ്പം ഈ ഫോം പൂരിപ്പിച്ച് സർക്കാർ വീണ്ടും ഫയൽ ചെയ്യുകയായിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിച്ച് 14 വർഷം തടവ് പൂർത്തിയാക്കിയവരെയാണ് മോചിപ്പിക്കുന്നത്.
2009 നവംബർ 8 നാണ് ചെങ്ങന്നൂർ സ്വദേശിചെറിയനാട് തുരുത്തിമേൽ കാരണവേഴ്‌സ് വില്ലയിൽ ഭാസ്‌കര കാരണവർ കൊല്ലപ്പെടുന്നത്. മോഷണ ശ്രമത്തിനിടെയുണ്ടായ കൊലപാതകമെന്ന സംശയിച്ച കേസിൽ വഴിതിരിവായതും നടന്നത് ആസൂത്രിത കൊലപാതകമെന്നും കണ്ടെത്താനായതും ഒന്നാം പ്രതിയും ഭാസ്കര കാരണവരുടെ മരുമകൾ ഷെറിന്റെ മൊഴിയാണ്.മരുമകൾ ഷെറിനും കാമുകനും ചേർന്നാണ് അമേരിക്കൻ മലയാളിയായ ഭാസ്കര കാരണവരെ കൊലപ്പെടുത്തിയത്. ശാരീരിക വെല്ലുവിളികളുള്ള ഭാസ്കര കാരണവറുടെ ഇളയമകൻ ബിനു പീറ്ററിന്റെ ഭാര്യയാണ് ഷെറിൻ. 2001ലായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം മുൻധാരണയനുസരിച്ച് ഷെറിനേയും ബിനുവിനേയും അമേരിക്കയിൽ കൊണ്ടുപോയി. ജോലിക്ക് കയറിയസ്ഥാപനത്തിൽ മോഷണത്തിന് പിടിക്കപ്പെട്ടതിനെത്തുടർന്ന് പ്രശ്നങ്ങളുണ്ടായി. താമസിയാതെ ഇരുവരും തിരികെയെത്തി. 2007ൽ ഭാര്യ അന്നമ്മയുടെ മരണത്തോടെ കാരണവരും നാട്ടിലെത്തിയത്.ഷെറിന് മറ്റു പുരുഷണമാരുമായുണ്ടായ സൗഹൃദം പരസ്യമായതോടെ കാരണവർ സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഷെറിൻ പലരോടും പണം കടം വാങ്ങാൻ തുടങ്ങുകയും ചെയ്തു. ഇതെല്ലാം ഭാസ്കര കാരണവർ കണ്ടെത്തിയിരുന്നു. തന്റെ വഴിവിട്ട ബന്ധം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഭാസ്കര കാരണവരെ കൊലപ്പെടുത്തിയത്. സ്വത്തിൽനിന്ന് ഒഴിവാക്കിയതിലുള്ള പ്രതികാരം കൂടെയായിരുന്നു കൊലപാതകം. കേസിൽ നിർണായകമായത് ഷെറിന്റെ മൊഴിയും ഫോൺ കോളുമായിരുന്നു.
മരണാനന്തരച്ചടങ്ങുകൾക്കുശേഷം നടത്തിയ ചോദ്യം ചെയ്യലിൽ മരുമകൾ ഷെറിനാണു വീടിന്റെ മുകൾനിലയിൽ ഒരു സ്ലൈഡിങ് ജനാലയുണ്ടെന്നും അതുവഴി പുറത്തുനിന്നൊരാൾക്ക് അകത്തേക്ക് കയറാമെന്നും മൊഴി നൽകിയത്. എന്നാലാൽ ഒരു ഏണിയില്ലാതെ ഒരാൾക്ക് അതിന്റെ മുകളിൽക്കയറി നിൽക്കാൻ കഴിയില്ലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇതിനിടെ ഷെറിന്റെ ഫോൺ കോൾപട്ടിക എടുത്തപ്പോൾ ഒരു നമ്പരിലേക്കു 55 കോളുകൾ പോയതായി കണ്ടെത്തി. രണ്ടാംപ്രതി ബാസിത് അലിയുടെ ഫോണിലേക്കായിരുന്നു ആ ഫോൺ കോളുകൾ എത്തിയിരുന്നത്. ഇതോടെ കൊലപാതകത്തിൽ പ്രതികൾ വേഗം പിടിയിലാവുകയും ചെയ്തു.ഷെറിൻ്റെ സുഹൃത്തും കുറിച്ച് സ്വദേശിയുമായ ബാസിത് അലി, ഇയാളുടെ സുഹൃത്തും കളമശേരി സ്വദേശിയുമായ നിഥിൻ, ഏലൂർ സ്വദേശി ഷാനു റഷീദ് എന്നിവരായിരുന്നു കേസിലെ മറ്റ് പ്രതികൾ. കൊലപാതകം നടന്ന് കൃത്യം ഏഴാം മാസം കോടതി വിധി പറയുകയും ഒന്നാം പ്രതി ഷെറിന് വിവിധ വകുപ്പുകളിലായി മൂന്ന് ജീവപര്യന്തവും 85,000 രൂപ പിഴയും മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി വധിച്ചു.ബാസിത് അലി, നിഥിൻ, ഷാനു റഷീദ് എന്നിവർക്ക് വിവിധ വകുപ്പുകളിലായി രണ്ട് ജീവപര്യന്തവും 80,000 രൂപ പിഴയും വിധിച്ചു. മോഷണശ്രമത്തിനു വേണ്ടിയാണ് കൃത്യം നടത്തിയതെന്ന് വരുത്തിത്തീർക്കാൻ ഷെറിൻ ശ്രമിച്ചിരുന്നു. അതിനായി മുറിയിലും ഹാളിലും മുളകുപൊടി വിതറിയും വീട്ടിൽ ഉണ്ടായിരുന്ന ലാപ്ടോപ്പ്, കാമറകൾ, മൊബൈൽ ഫോണുകൾ സ്വർണ രുദ്രക്ഷമാലയും പണവും സംഘം എടുത്തുമാറ്റുകയും ചെയ്തു. എന്നാൽ കാരണവരുടെ മുറിയിലെ അലമാരയിൽ ഉണ്ടായിരുന്ന കാശ് എടുക്കാൻ വിട്ടുപോയതാണ് പോലീസിന് സംശയമുണർത്തിയത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പരോൾ ലഭിച്ച വനിതാ തടവുകാരിയാണ് ഷെറിൻ. ശിക്ഷാ കാലേയളിവിനിടെ 500 ഓളം ദിവസം പ്രതി വെളിയിലായിരുന്നു. ശിക്ഷാ കാലത്ത് ഉടനീളം നിരവധി പരാതികൾ ഷെറിനു നേരെ ഉയർന്നിരുന്നു. ജയിലിൽ വച്ച് ഫോൺ ഉപയോഗിച്ചതിനെത്തുടർന്ന് 2015ൽ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ജയിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയെത്തുടർന്ന് 2017ൽ തിരുവനന്തപുരം വനിതാ ജയിലിലേക്ക് മാറ്റിയിരുന്നു.