ശരീരത്തിന് വേണ്ട ഏറ്റവും പ്രധാനപ്പെട്ട വിറ്റാമിനുകളിൽ ഒന്നാണ് വൈറ്റമിൻ ഡി. ഇൻസുലിന്റെ അളവ് നിയന്ത്രിക്കാനും രക്തസമ്മർദം നിയന്ത്രിക്കാനും എല്ലാം ഈ വൈറ്റമിൻ സഹായിക്കുന്നു. വിറ്റാമിൻ ഡിയുടെ കുറഞ്ഞാൽ ക്ഷീണം, വിഷാദം, അസ്ഥി, പേശി വേദന എന്നിവ അനുഭവപ്പെടുന്നു.
വൈറ്റമിൻ ഡി,കേവലം എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന വൈറ്റമിന്‍ മാത്രമല്ല. മറിച്ച് രോഗപ്രതിരോധശക്തിയും മാനസികാരോഗ്യവും മെച്ചപ്പെടുത്തുന്ന ഒരു പോഷകം കൂടിയാണിത്. വൈറ്റമിൻ ഡി ലഭിക്കാൻ സപ്ലിമെന്റുകൾ കഴിക്കുന്നവരുണ്ടാകാം. എന്നാൽ സൂര്യപ്രകാശത്തിലൂടെ മാത്രമാണ് സ്വാഭാവികമായി വൈറ്റമിൻ ഡി ലഭിക്കുന്നത്.
സമയം പ്രധാനം
വൈറ്റമിൻ ഡി ലഭിക്കുന്നതിനായി വെയിൽ കൊള്ളുന്ന സമയം പ്രധാനമാണ്. രാവിലെ ഏഴരയ്ക്കു മുൻപ് ജോലിക്ക് പോയി സന്ധ്യയ്ക്ക് ശേഷം വീട്ടിലെത്തുന്ന ആളാണെങ്കിൽ വൈറ്റമിൻ ഡി കാര്യമായി ലഭിക്കില്ല. യുവി ബി രശ്മികൾ ലഭിച്ചാൽ മാത്രമേ ശരീരത്തിന് വൈറ്റമിൻ ഡി ഉൽപാദിപ്പിക്കാൻ സാധിക്കുകയുള്ളൂ. ഈ അൾട്രാവയലറ്റ് വികിരണങ്ങൾ ഏറ്റവും ശക്തമായിരിക്കുന്ന സമയം രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ്. അതിരാവിലെയും വൈകുന്നേരവും വളരെ വൈകിയും സൂര്യപ്രകാശം ഏൽക്കുന്നത് ആരോഗ്യകരമാണ്. എന്നാൽ അൾട്രാവയലറ്റ് വികിരണങ്ങളാവും ഈ സമയത്ത് ലഭ്യമാവുന്നത്.
ഈ സമയം വളരെ കുറച്ചു മാത്രം വൈറ്റമിൻ ഡി സിന്തസിസ് സാധ്യമാകുകയുള്ളൂ. എന്നാൽ രാവിലെ കുറച്ചു വൈകിയും വൈകുന്നേരമാവുന്നതിനു മുൻപും അൾട്രാവയലറ്റ് വികിരണങ്ങൾ വൈറ്റമിൻ ഡി ഉൽപാദിപ്പിക്കാൻ ചർമത്തെ സഹായിക്കും. ഇത് അമിതമാകരുതെന്നു മാത്രം. രാവിലെ വെയിലുദിച്ചതിനുശേഷമോ വൈകുന്നേരമോ പുറത്തിറങ്ങുന്ന ശീലം നല്ലതാണ്. സൺസ്ക്രീൻ ഇടാതെ കുറച്ചു സമയത്തേക്ക് വെയിൽകൊള്ളുന്നത് ഏറെ ഗുണം ചെയ്യും. ഉച്ചയൂണിന്റെ സമയത്ത് വെളിയിൽ ഒരു നടത്തമാവാം അല്ലെങ്കിൽ രാവിലെ കാപ്പി പുറത്തിരുന്നു കുടിക്കാം. വെയിൽ ഉള്ളിടത്തിരുന്ന് ഭക്ഷണം കഴിക്കാം. ഈ ശീലങ്ങളെല്ലാം ആരോഗ്യത്തിന് നല്ലതാണ്. അധികസമയം വെയിൽ കൊള്ളാതെ ശ്രദ്ധിക്കണമെന്നു മാത്രം.
വെറും പത്തുമിനിറ്റ് മാത്രം കൈകളിലും കാലുകളിലും വെയിൽ കൊള്ളുന്നത് പോലും നല്ല വ്യത്യാസം ഉണ്ടാക്കും. അൾട്രാവയലറ്റ് സൂചിക കൂടുതലുള്ള സമയങ്ങളിൽ 20 മിനിറ്റിലധികം വെയിൽ കൊള്ളരുത്. ചർമാർബുദം കുടുംബത്തിൽ ആർക്കെങ്കിലും ഉണ്ട് എങ്കിലും ചർമം വളരെ സെൻസിറ്റീവ് ആണെങ്കിലും ഡോക്ടറെ കാണണം. അമേരിക്കയിൽ അറുപതു വയസ്സു കഴിഞ്ഞ, സൂര്യപ്രകാശം അധികം ലഭിക്കാത്തയിടങ്ങളിൽ താമസിക്കുന്ന മിക്കവരും വൈറ്റമിൻ ഡി സപ്ലിമെന്റുകൾ ഉപയോഗിക്കുന്നവരാണ്. എന്നാൽ വൈറ്റമിൻ ഡി സപ്ലിമെന്റുകളേക്കാൾ വെയിൽ കൊള്ളുന്നതാണ് ഏറെ ഗുണകരം.