india

തള്ളാനും വയ്യ,കൊള്ളാനും വയ്യ; തരൂർ തലവേദനയിൽ കുഴങ്ങി കോൺ​ഗ്രസ്!!

സി.പി.എം- മോദി അനുകൂല പ്രസ്താവനകളിലൂടെ കോൺ​ഗ്രസിനെ വെട്ടിലാക്കുന്ന തരൂർ ഇത്തവണ എത്തിയത് ​ഗാന്ധി കുടുംബത്തെ വിമർശിച്ചാണ്. അടിയന്തരാവസ്ഥയുടെ പേരില്‍ ഇന്ദിരാ ഗാന്ധിയെയും സഞ്ജയ് ഗാന്ധിയെയും കടന്നാക്രമിച്ച് കോണ്‍ഗ്രസില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ് ശശി തരൂർ.തരൂരിൻ്റെ ലേഖനത്തിന്റെ അടിസ്ഥാനത്തിൽ നെഹ്റു കുടുംബത്തിനെതിരെ ബിജെപി രം​ഗത്ത് വന്നതോടെ കാര്യങ്ങൾ കൂടുതൽ കുഴഞ്ഞു.തരൂരിൻ്റെ ലേഖനം രാഹുൽ ഗാന്ധിയുടെ ഏകാധിപത്യത്തിനെതിരായ സന്ദേശം കൂടിയാണെന്നാണ് ബിജെപി വക്താവ് ആർ പി സിംഗ് പറഞ്ഞത്. മോദിയുടെ ജനാധിപത്യത്തെ തരൂർ പുകഴ്ത്തിയത് അതുകൊണ്ടാണ്. സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും പൂർണ്ണ നിയന്ത്രണത്തിലാണ് ഇപ്പോഴും പാർട്ടിയെന്നും ആർപി സിംഗ് പറഞ്ഞു. തരൂരിൻ്റെ ലേഖനം പരമാവധി പ്രചരിപ്പിക്കാനുള്ള നീക്കത്തിലാണ് ഇപ്പോൾ ബിജെപി.
കാര്യങ്ങൾ ഇത്രയൊക്കെയായിട്ടും തരൂരിന്റെ പുതിയ ലേഖനത്തെയും അവ​ഗണിക്കാനാണ് എഐസിസി തീരുമാനിച്ചിരിക്കുന്നത്. അച്ചടക്ക നടപടികളാന്നും സ്വീകരിക്കില്ല.തരൂരിന്‍റെ നീക്കത്തില്‍ എണ്ണ പകരേണ്ടതില്ലെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റേയും തീരുമാനം. തരൂരിന്‍റെ നീക്കങ്ങളെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കരുതലോടെ നിരീക്ഷിക്കുന്ന പ്രത്യേക പശ്ചാത്തലം കൂടികണക്കിലെടുത്താണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇതു സംബന്ധിച്ച് ധാരണയായത്. തരൂര്‍ സ്വന്തം നിലയ്ക്കു നീങ്ങട്ടേയെന്നും തങ്ങളായിട്ട് അതിന് പ്രാധാന്യം നല്‍കി വിഷയം സജീവമാക്കേണ്ടതില്ലെന്നുമാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്.

ഓപ്പറേഷന്‍ സിന്ദൂറിന്‍റെ മറവില്‍ കഴിഞ്ഞ കുറച്ചു നാളുകളായി കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തരൂര്‍ നടത്തുന്ന ഒളിയാക്രമണങ്ങളില്‍ നിന്ന് അദ്ദേഹത്തിന്‍റെ ലക്ഷ്യം വ്യക്തമെങ്കിലും രക്തസാക്ഷി പരിവേഷം സൃഷ്ടിക്കാനുള്ള തരൂരിന്‍റെ നീക്കത്തിനു തങ്ങളായി ഊര്‍ജം പകരേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന തലത്തിലെടുത്ത അനൗദ്യോഗിക നിലപാട്.

ഇന്ദിരാഗാന്ധിയെയും മകന്‍ സഞ്ജയ് ഗാന്ധിയെയും നിശിതമായി വിമര്‍ശിച്ച് പ്രോജക്ട് സിന്‍ഡിക്കേറ്റ് എന്ന ഇംഗ്ലീഷ് ഓണ്‍ലൈന്‍ മാധ്യമത്തില്‍ അടിയന്തിരാവസ്ഥയ്‌ക്കെതിരെ എഴുതിയ ലേഖനത്തിലൂടെ തരൂര്‍ ഉയര്‍ത്തിയ വിവാദങ്ങളെ തന്ത്രപൂര്‍വ്വം അവഗണിച്ചായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണങ്ങളിൽ പലതും.

അതോടൊപ്പം കേരളത്തില്‍ മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റവുമധികം ആഗ്രഹിക്കുന്നത് തന്നെയാണെന്ന് ഒരു സ്വകാര്യ ഏജന്‍സി നടത്തിയ സര്‍വേ റിപ്പോര്‍ട്ടും അദ്ദേഹം തന്നെ എക്‌സിലൂടെ പങ്കുവച്ചതിനെ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ പുച്ഛിച്ചു തള്ളുകയായിരുന്നു. തരൂരിനെതിരെ അമർഷം പുകയുമ്പോഴും നേതൃത്വത്തെ തരൂരിനെതിരെ നിലപാടെടുക്കുന്നതിൽ നിന്ന് വിലക്കുന്നത് വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. 2026ല്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്‍റംഗമാണ് തരൂര്‍. കേരളത്തിന്‍റെ തലസ്ഥാനമായ തിരുവനന്തപുരത്തെയാണ് അദ്ദേഹം ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്നത്. ഇവിടെ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫും സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയും തമ്മിലാണ് പ്രധാന ഏറ്റുമുട്ടല്‍. അത് കൊണ്ട് തന്നെ ഈ സാഹചര്യത്തില്‍ തരൂരിനെതിരെ നടപടിയെടുത്ത് വെറുതെ ഒരു പ്രതിസന്ധി പാര്‍ട്ടിയിലും മുന്നണിക്കുള്ളിലും സൃഷ്‌ടിക്കേണ്ടതില്ലെന്നാണ് പൊതു നിലപാട്.

ഐക്യരാഷ്‌ട്ര സഭയിലെ ഉന്നതപദവിയില്‍ നിന്ന് രാഷ്‌ട്രീയത്തിലേക്ക് എത്തിയ വ്യക്തി എന്ന പ്രതിച്‌ഛായയും അദ്ദേഹത്തിനെതിരെ എന്തെങ്കിലും നടപടിയെടുക്കുന്നതില്‍ നിന്ന് പാര്‍ട്ടി നേതൃത്വത്തെ തടയുന്നു.
കഴിഞ്ഞ കുറേക്കാലമായി തരൂര്‍ സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കളോടും അസ്വാരസ്യത്തിലാണ്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം രാജ്യത്തിന്‍റെ നിലപാട് വിദേശരാജ്യങ്ങളുമായി പങ്ക് വയ്ക്കാന്‍ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിച്ച സര്‍വകക്ഷി സംഘത്തിലേക്ക് പാര്‍ട്ടി നല്‍കിയ പട്ടികയില്‍ ഇല്ലാതിരുന്നിട്ടും, തരൂര്‍ ഉള്‍പ്പെട്ടതും കോണ്‍ഗ്രസിനെ അലോസരപ്പെടുത്തിയിരുന്നു.

അതേസമയം സംഘത്തില്‍ തന്നെ ഉള്‍പ്പെടുത്തിയതിനെ തരൂര്‍ വ്യക്തിപരമായി സ്വാഗതം ചെയ്യുയും ഓപ്പറേഷന്‍ സിന്ദൂറില്‍ സര്‍ക്കാരിന്‍റെ നിലപാടുകളെ ആഗോളവേദികളില്‍ പിന്തുണയ്ക്കുകയും ചെയ്‌തു. ഇതും കോണ്‍ഗ്രസിന്‍രെ മുതിര്‍ന്ന നേതാക്കളുടെ നിലപാടുകള്‍ക്ക് കടകവിരുദ്ധമായിരുന്നു. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഇടപെടലിന് പിന്നാലെ അടിയന്തരമായി അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെതിരെ സര്‍ക്കാരിനെ നിരന്തരം കടന്നാക്രമിക്കുന്ന കോണ്‍ഗ്രസിന്‍റെ മാധ്യമവിഭാഗം ചുമതലയുള്ള ജയ്‌റാം രമേഷ് തരൂര്‍ പറയുന്നതെല്ലാം അദ്ദേഹത്തിന്‍റെ സ്വന്തം അഭിപ്രായമാണെന്നും കോണ്‍ഗ്രസിന്‍റേത് അല്ലെന്നും വ്യക്തമാക്കിയിരുന്നു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ദിവസം മാധ്യമ പ്രവര്‍ത്തകരെ കണ്ട തനിക്ക് കോണ്‍ഗ്രസ് നേതൃത്വവുമായി അഭിപ്രായ വ്യത്യാസമുണ്ടെന്നും നിലമ്പൂരില്‍ പ്രചാരണത്തിന് നേതാക്കളില്‍ നിന്ന് ഒരു മിസ്‌കോള്‍ പോലും ലഭിച്ചില്ലെന്നു പരസ്യമായി പ്രതികരിച്ചതിലുള്ള നീരസവും സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ കടിച്ചിറക്കുകയാണ്. അദ്ദേഹം പ്രചാരണ സമയത്ത് വിദേശ പര്യടനത്തിലായിരുന്നു എന്ന മറുപടിയില്‍ പ്രതികരണമൊതുക്കുകയാണ് അന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ചെയ്തത്. ഇത് യുഡിഎഫ് അനുകൂല വോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ തരൂര്‍ മനപൂര്‍വ്വം നടത്തിയതാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നു.
ഏറ്റവും ഒടുവില്‍ മലയാളം ദിനപത്രമായ ദീപികയില്‍ പ്രസിദ്ധീകരിച്ച തരൂരിന്‍റെ ലേഖനമാണ് പാര്‍ട്ടി നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്. 1975ല്‍ അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാഗാന്ധി കൊണ്ടു വന്ന വിവാദ അടിയന്തരാവസ്ഥയെ കുറിച്ചാണ് തരൂരിന്‍റെ ലേഖനം.
കോണ്‍ഗ്രസിനെതിരെ ഒളി ആക്രമണങ്ങള്‍ തുടരുന്ന തരൂര്‍, പരസ്യമായി എപ്പോള്‍ രംഗത്തിറങ്ങുമെന്ന കാത്തിരിപ്പിലാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. നേരത്തെ ആര്‍എസ്എസ് അനുകൂല പ്രസ്താവനയുമായി രംഗത്തു വന്നതിനു പിന്നാലെയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ ഞെട്ടിച്ച് തരൂര്‍ അടിയന്തിരാവസ്ഥയെയും ഇന്ദിരാഗാന്ധിയെയും കോണ്‍ഗ്രസ് പാര്‍ട്ടിയെയും കടന്നാക്രമിച്ചിരിക്കുന്നത്.നേതാക്കൾ മൗനം പാലിക്കുന്നുവെങ്കിലും ഇന്ദിരഗാന്ധിയെ കടന്നാക്രമിച്ച് തരൂര്‍ നടത്തിയ പ്രതികരണത്തിനെതിരെ കോണ്‍ഗ്രസ് സാമൂഹിക മാധ്യമ പേജുകളില്‍ അതി രൂക്ഷ വിമര്‍ശനമുയരുന്നുണ്ട്.

Latest News