പാലക്കാട് തൃത്താലയിൽ കോൺഗ്രസിൽ പൊട്ടിത്തെറി. വി ടി ബൽറാമിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി നിർവാഹക സമിതി അംഗം സിവി ബാലചന്ദ്രൻ. ബൽറാം നൂലിൽ കെട്ടിയിറക്കിയ നേതാവെന്ന് വിമർശനം. തൃത്താലയിലെ തോൽവിക്ക് കാരണം അഹംഭാവവും ധാർഷ്ട്യവും ധിക്കാരവും. ധിക്കാരം തുടർന്നാൽ ശക്തമായ പ്രതികരണങ്ങൾ ഉണ്ടാകുമെന്നും സി വി ബാലചന്ദ്രന്റെ മുന്നറിയിപ്പ്. ഞാനാണ് വലുതെന്ന ഭാവം തൃത്താലയിൽ നടക്കില്ലെന്നും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തൃത്താലയിലെ പ്രവർത്തകർക്ക് അറിയാമെന്നും സിവി ബാലചന്ദ്രന്റ മുന്നറിയിപ്പ്. പാർട്ടിക്ക് മേലെ വളരാൻ ശ്രമിച്ചാൽ പിടിച്ച് പുറത്തിടണമെന്നും അദേഹം ആവശ്യപ്പെട്ടു. പ്രവർത്തനം സോഷ്യൽ മീഡിയയിൽ മാത്രമാണെന്നും പാർട്ടി വളർത്താൻ ഇടപെടുന്നില്ലെന്നും സിവി ബാലചന്ദ്രന്റെ വിമർശനം.
‘ഒരു ചില്ലിക്കാശിന്റെ അധ്വാനമില്ലാതെ മേലേന്ന് നൂലിൽ കെട്ടിയറിക്കി ഇവിടെ വന്ന് എംഎൽഎയായി. ആരോടും ഒന്നും മിണ്ടാതെ കണ്ടാൽ മിണ്ടില്ല, ഫോൺ വിളിച്ചാൽ എടുക്കില്ല. ഞാനാണ് വലുത് ഞാനാണ് വലുത് എന്ന് പറഞ്ഞാൽ അത് ഈ നാട്ടിൽ നടക്കില്ല. അത് അവസാനിപ്പിച്ചേ അടങ്ങൂ’ സിവി ബാലചന്ദ്രൻ പറഞ്ഞു. മാസങ്ങളായി തൃത്താലയിൽ കോൺഗ്രസ് രണ്ട് തട്ടിലാണ്. ഇരു ചേരിയായി തിരിഞ്ഞാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. നേരത്തെ എ ഗ്രൂപ്പും ബൽറാമിനെതിരെ രംഗത്ത് വന്നിരുന്നു. കപ്പൂരിൽ നടന്ന പ്രാദേശിക കൺവെൻഷനിലാണ് സിവി ബാലചന്ദ്രന്റെ വിമർശനം ഉണ്ടായത്.
STORY HIGHLIGHT : Trithala Congress CV Balachandran criticises VT Balram