ബ്രൊക്കോളി ചില്ലറക്കാരനല്ല നിരവധി ഗുണങ്ങൾ ഈ പച്ചക്കറിയിൽ ഒളിഞ്ഞിരിക്കുന്നുണ്ട്. വേവിച്ച ബ്രൊക്കോളി ദിവസവും കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. ബ്രൊക്കോളി പ്രോസ്റ്റേറ്റ് ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കുമെന്ന് പല ഗവേഷണങ്ങളും സൂചിപ്പിക്കുന്നു.
കാബേജിന്റെ കുടുംബത്തില്‍ പെടുന്ന ഭക്ഷ്യയോഗ്യമായൊരു പച്ചക്കറിയാണ് ബ്രൊക്കോളി. പ്രധാനമായും പച്ചനിറത്തിലും പര്‍പ്പിള്‍ നിറത്തിലുമാണ് ഇവ കാണപ്പെടുന്നത്. വേവിച്ചും വേവിക്കാതെയും ബ്രൊക്കോളി കഴിക്കാം. പോഷകസമ്പുഷ്ടമായ ബ്രൊക്കോളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ നിരവധി ഗുണങ്ങളുണ്ട്.
1. ഹൃദയാരോഗ്യം
വേവിച്ച ബ്രൊക്കോളി ദിവസവും കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. ശരീരത്തിലെ കൊളസ്‌ട്രോള്‍ ലെവല്‍ കുറച്ച് ഹൃദയത്തിനും രക്തധമനികള്‍ക്കും രോഗങ്ങള്‍ വരാനുള്ള സാധ്യത ബ്രൊക്കോളി കുറയ്ക്കുമെന്നാണ് ന്യൂട്രിഷന്‍ റിസെര്‍ച്ച് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.
2. അര്‍ബുദസാധ്യത കുറയ്ക്കും
ക്യാന്‍സറിനെ തടയാന്‍ കഴിയുന്ന സൂപ്പര്‍ഫുഡ് എന്നൊന്നില്ല. പലപ്പോഴും അര്‍ബുദത്തിനു സാധ്യതയുള്ള അപകട ഘടകങ്ങള്‍ക്ക് ഭക്ഷണവുമായി ബന്ധമില്ലതാനും. അതേസമയം, കൃത്യവും ആരോഗ്യകരവുമായ ഭക്ഷണക്രമം അര്‍ബുദസാധ്യത കുറയ്ക്കുമെന്നതിന് തെളിവുകളുണ്ട്. ബ്രോക്കോളിയിലെ പ്രധാനപ്പെട്ട ഘടകമാണ് സള്‍ഫോറാഫെയ്ന്‍. ബ്രൊക്കോളിക്ക് കൈപ്പുരസം നല്‍ക്കുന്നതും ഈ ഘടകമാണ്. സിഗരറ്റ്പുക പോലെ വായുവിലൂടെയുള്ള വിഷവസ്തുക്കളെ നിര്‍വീര്യമാക്കാന്‍ ഈ സള്‍ഫോറാഫെയ്‌ന് ഒരു പരിധിവരെ സാധിക്കുമെന്നും അതുവഴി അര്‍ബുദസാധ്യത കുറയ്ക്കാമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
3. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍
ബ്രൊക്കോളി പ്രോസ്റ്റേറ്റ് ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കുമെന്ന് പല ഗവേഷണങ്ങളും സൂചിപ്പിക്കുന്നു.
4. കണ്ണിന്റെ ആരോഗ്യം/പ്രതിരോധശേഷി
ബ്രൊക്കോളി കഴിക്കുന്നത് പ്രതിരോധശേഷി ഉയര്‍ത്താന്‍ സഹായിക്കും. പ്രായം കൂടുന്തോറുമുണ്ടാകുന്ന കാഴ്ചക്കുറവിനെ ഒരുപരിധിവരെ പിടിച്ചുനിര്‍ത്താനും രാത്രികാലങ്ങളിലെ കാഴ്ചക്കുറവു തടയാനും ബ്രൊക്കോളി സഹായിക്കുമെന്ന് ഒരുകൂട്ടം ഗവേഷകര്‍ പറയുന്നു.
5. ഹോര്‍മോണ്‍ ബാലന്‍സ്
ശരീരത്തില്‍ ഹോര്‍മോണ്‍ ബാലന്‍സ് കൊണ്ടുവരാനും സ്ത്രീകളിലെയും പുരുഷന്മാരിലെയും പ്രത്യുത്പാദന അവയവങ്ങളില്‍ അര്‍ബുദം വരാനുള്ള സാധ്യതയും ബ്രൊക്കോളി കുറയ്ക്കുമെന്ന് ചില പഠനങ്ങില്‍ പറയുന്നു.
എല്ലാവര്‍ക്കും ബ്രൊക്കോളി കഴിക്കാമോ?
ഭൂരിഭാഗം ആളുകള്‍ക്കും ബ്രൊക്കോളി കഴിക്കുന്നതുകൊണ്ട് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമുണ്ടാവില്ല. അതേസമയം, തൈറോയ്ഡ് പ്രശ്‌നങ്ങളുള്ളവര്‍ ബ്രൊക്കോളി അധികം ഉപയോഗിക്കാതിരിക്കുന്നതായിരിക്കും നല്ലത്.