അഹമ്മദാബാദ് വിമാന അപകടത്തിന് കാരണം ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ആയതെന്ന കണ്ടെത്തലുമായി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍. ഇതോടെ രണ്ട് എന്‍ജിനുകളിലേക്കുള്ള ഇന്ധന ഒഴുക്ക് നിലച്ചു. റാം എയര്‍ ടര്‍ബൈന്‍ ആക്ടിവേഷന്‍ലൂടെയാണ് ഈ നിഗമനത്തിലേക്ക് എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അഹമ്മദാബാദ് വിമാന അപകടത്തിന് പിന്നാലെ AI 171 വിമാനത്തിന്റെ റാം എയര്‍ ടര്‍ബൈല്‍ ആക്ടിവേറ്റ് ചെയ്തിരുന്നതായുള്ള വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. വിമാനത്തിന് ആവശ്യമായ ഊര്‍ജ്ജം നഷ്ടമാകുന്ന ഘട്ടത്തിലാണ് RAT ആക്ടിവേറ്റ് ചെയുന്നത്.
വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടില്‍ എന്‍ജിനിലേക്കുള്ള ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ആയതായാണ് കണ്ടെത്തല്‍. ഇത് രണ്ട് എന്‍ജിനുകളിലേക്കുള്ള ഇന്ധന ഒഴുക്ക് നിലയ്ക്കുന്നതിന് കാരണമായി. ഇതോടെ വിമാനത്തിന്റെ ത്രസ്റ്റ് നഷ്ടപ്പെട്ടു. റാം എയര്‍ ടര്‍ബൈന്‍ ആക്ടിവേറ്റ് ചെയ്തിരുന്നതില്‍ നിന്നാണ് ഈ നിഗമനത്തിലേക്ക് എത്താന്‍ കഴിഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വിച്ചുകള്‍ ഇങ്ങനെ ഓഫ് ആയി എന്നതിലോ പൈലറ്റുമാര്‍ സ്വിച്ചുകള്‍ വീണ്ടും ഓണാക്കാന്‍ ശ്രമിച്ചോ എന്നതിലോ വ്യക്തതയില്ല. വിമാന അപകടത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടുള്ള യുഎസ് വിദഗ്ധരില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചതെന്ന് വാള്‍ സ്ട്രീറ്റ് റിപ്പോര്‍ട്ട് പറയുന്നു.
നിലവില്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും വിമാനത്തിന്റെ ഇന്ധന സ്വിച്ച് കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ടേക്ക് ഓഫ് ചെയ്ത വിമാനത്തിന് പെട്ടന്ന് ത്രസ്റ്റ് നഷ്ടപ്പെടാന്‍ കാരണം എന്‍ജിനുകള്‍ പ്രവര്‍ത്തനരഹിതമായതാണ് എന്നാണ് വിലയിരുത്തല്‍. രണ്ട് എന്‍ജിനുകളും പ്രവര്‍ത്തനരഹിതമാകാനുള്ള കാരണം ഇന്ധന സ്വിച്ചുമായി ബന്ധപ്പെട്ടതാണോ എന്നാണ് നിലവില്‍ പരിശോധിക്കുന്നതും.
STORY HIGHLIGHT : Wall Street Journal: Investigation into Ahmedabad plane crash