ഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. അപകടത്തിൽപെട്ട എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിൻ്റെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ആയത് അപകടകാരണമെന്ന് റിപ്പോര്‍ട്ട്. ടേക്ക് ഓഫിന് മുന്‍പ് തന്നെ സ്വച്ച് ഓഫായി.
വിമാനം പറന്നത് 32 സെക്കൻഡ് മാത്രമാണ്. വിമാനത്തിന്‍റെ ഒരു എഞ്ചിൻ പ്രവർത്തിച്ചത് സെക്കൻഡുകൾ മാത്രം രണ്ടാമത്തെ എഞ്ചിൻ പ്രവർത്തിപ്പിക്കാനായില്ലെന്നും കണ്ടെത്തൽ. പൈലറ്റുമാരുടെ സംഭാഷണവും പുറത്ത് വന്നു. എന്തിനാണ് ഓഫ് ചെയ്തത് എന്ന് മറ്റൊരു പൈലറ്റ് ചോദിക്കുന്നത് കോക്ക്പിറ്റ് ഓഡിയോയിലുണ്ട്. എന്നാൽ താൻ ചെയ്തില്ല എന്നായിരുന്നു സഹ പൈലറ്റിന്റെ മറുപടി. വിമാനം പക്ഷിയെ ഇടിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കാലാവസ്ഥ പ്രതികൂലമായിരുന്നില്ലെന്നും കണ്ടെത്തൽ.
ആദ്യ ഘട്ടത്തിൽ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക റിപ്പോർട്ട് തയാറാക്കിയത്. അപകടം നടന്ന് ഒരു മാസം കാഴിഞ്ഞപ്പോഴാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ബ്ലാക്ക് ബോക്സിൽ നിന്നടക്കം വീണ്ടെടുത്ത വിവരങ്ങൾ ക്രോഡീകരിച്ച് തയ്യാറാക്കിയതാണ് റിപ്പോർട്ട്. എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് പുറമേ, അമേരിക്കയുടെ നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡ്, യുകെ ഏജൻസി അടക്കമുള്ളവർ അന്വേഷണത്തിൻറെ ഭാഗമായിരുന്നു.
ജൂണ്‍ 12നായിരുന്നു ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ടേക്ക് ഓഫിന് പിന്നാലെ കത്തിയമര്‍ന്നത്. വിമാനപകടത്തിൽ 275 പേരാണ് മരിച്ചത്. മരിച്ചവരിൽ 241 പേർ വിമാനത്തിൽ ഉണ്ടായിരുന്നവരും 34 പേർ പ്രദേശവാസികളുമായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്.