തിരുവനന്തപുരം: പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം. ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തിലെ ഇന്‍സ്‌പെക്ടര്‍, കാര്യവട്ടം ചേങ്കോട്ടുകോണം പുല്ലാന്നിവിള ബഥേല്‍ ഹൗസില്‍ ജെയ്സണ്‍ അലക്‌സിനെയാണ് (48) വെള്ളിയാഴ്ച വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. ആറുകോടിയുടെ അഴിമതിക്ക് കൂട്ടുനിൽക്കാൻ മകന് ജെയ്സൺ അലക്സിന് സമ്മർദ്ദം ഉണ്ടായെന്ന് മാതാവ് ആരോപിച്ചു. അഴിമതിക്ക് വഴങ്ങാത്തതിൽ വൈരാഗ്യത്തോടെ മേൽ ഉദ്യോഗസ്ഥർ പെരുമാറിയെന്നും മാതാവ് ജമ്മ അലക്സാണ്ടർ പറഞ്ഞു. പോലീസ് വയർലെസ് ഇടപാടിലാണ് അഴിമതി ആരോപണം.
കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ ജോലിചെയ്യുന്ന ജെയ്സണ്‍ അലക്‌സ്, കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ തിരുവനന്തപുരം സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള സുരക്ഷാ ഒരുക്കങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ ഓഫീസിലേക്കു പോയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഡ്യൂട്ടിക്കിടെ വീട്ടിൽ തിരിച്ചെത്തി തൂങ്ങിമരിക്കുകയായിരുന്നു. ആത്മഹത്യ അല്ലെന്നും മരണത്തിൽ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഭാര്യ സോമി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകും.