ഇന്ത്യയിലേക്കുള്ള വരവ് ഔദ്യോദികമായി പുറത്തുവിട്ട് ടെസ്ല. മാസങ്ങളായുള്ള തയാറെടുപ്പുകൾക്ക് ശേഷമാണ് കമ്പനിയുടെ പ്രഖ്യാപനം. മസ്കിന്‍റെ ഉടമസ്ഥതയിലുള്ള ടെസ്‌ല, ജൂലൈ 15 ന് മുംബൈയിൽ തങ്ങളുടെ ആദ്യ ഷോറൂം ഉദ്ഘാടനം ചെയ്തുകൊണ്ട് ഇന്ത്യയിലെത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യത്തെ ടെസ്‌ല എക്‌സ്പീരിയൻസ് സെന്റർ മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിൽ തുറക്കും. തുടർന്ന് ദില്ലിയിലും മറ്റൊരു സ്റ്റോറിന്‍റെ ലോഞ്ച് ഉടനുണ്ടാകും.
പക്ഷെ, ഉയർന്ന ഇറക്കുമതി താരിഫ് ടെസ്‌ലക്കായി കാത്തിരുന്നവർക്ക് നിരാശ സമ്മാനിച്ചിരിക്കുകയാണ്. ചൈനയിലെ പ്ലാന്റിൽ നിർമ്മിക്കുന്ന കാറുകൾ ഇറക്കുമതി ചെയ്തുകൊണ്ടാണ് ടെസ്‌ല ഇന്ത്യയിലെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചൈനയിലെ ഷാങ്ഹായ് ഫാക്ടറിയിൽ നിന്ന് ഇന്ത്യൻ വിപണിയിലേക്ക് എത്തിക്കാൻ കമ്പനി ‘മോഡൽ വൈ’ കാറുകൾ ഇറക്കുമതി ചെയ്തതായി റിപ്പോർട്ടുണ്ട്.
ഈ പ്രത്യേക മോഡലിന് ഏകദേശം 28 ലക്ഷം രൂപയാണ് അടിസ്ഥാന വില. 40,000 യുഎസ് ഡോളറിൽ താഴെ വില വരുന്ന, ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് ഇന്ത്യയിൽ 70% താരിഫ് ഈടാക്കുന്നതിനാൽ, 21 ലക്ഷം രൂപയിൽ കൂടുതൽ ഇറക്കുമതി തീരുവയും കൂടി ചേർത്ത്, മോഡൽ Y യുടെ അവസാന എക്സ്-ഷോറൂം വില ഏകദേശം 50 ലക്ഷം രൂപയായിരിക്കും.
ഉയർന്ന നികുതികൾ ഒരു ആശങ്കയായി നിലനിൽക്കുന്നതിനാൽ, ഇന്ത്യൻ വിപണിയിലേക്കുള്ള പ്രവേശനം ജാഗ്രതയോടെയാണ് നടത്തുന്നതെന്ന് കമ്പനിയുടെ സിഎഫ്ഒ വൈഭവ് തനേജ ഏപ്രിലിൽ പറഞ്ഞിരുന്നു. കാരണം അമേരിക്കയിലുള്ളതിന്റെ ഇരട്ടി വിലയാണ് ഇന്ത്യയിൽ കാറുകൾക്ക് നൽകേണ്ടി വരുന്നത്. ഇത് വിപണിയിൽ കാറുകൾ വിറ്റഴിക്കാൻ തടസമാകുമോ എന്നാണ് കമ്പനിയുടെ ഭയം.
content highlight: Tesla