കർണാടകയിലെ ശിവമോഗയിലുള്ള ഒരു അംഗൻവാടി കേന്ദ്രത്തിൽ വിറ്റാമിൻ എ ഡോസ് കഴിച്ചതിനെ തുടർന്ന് പതിമൂന്ന് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിറ്റാമിൻ എ തുള്ളിമരുന്ന് നൽകിയതിന് പിന്നാലെ കുട്ടികൾക്ക് വയറുവേദനയും ഛർദ്ദിയും അനുഭവപ്പെടാൻ തുടങ്ങി.
ഇവരെ ആദ്യം ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും, കേസുകളുടെ എണ്ണവും പ്രത്യേക പരിചരണത്തിന്റെ ആവശ്യകതയും കണക്കിലെടുത്ത് കൂടുതൽ ചികിത്സയ്ക്കായി ശിവമോഗയിലെ മക്ഗൺ ആശുപത്രിയിലേക്ക് കുട്ടികളെ മാറ്റി.
വിറ്റാമിൻ എ തുള്ളിമരുന്ന് കഴിച്ചയുടൻ കുട്ടികളുടെ ആരോഗ്യം വഷളായതായി മാതാപിതാക്കൾ ആരോപിച്ചു. വിവരം അറിഞ്ഞതിനെ തുടർന്ന് മോഗ എംഎൽഎ ബേലുരു ഗോപാലകൃഷ്ണ ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും ആവശ്യമായ എല്ലാ പരിചരണവും നൽകാൻ മെഡിക്കൽ സ്റ്റാഫിന് നിർദ്ദേശം നൽകുകയും ചെയ്തു.
കൂടാതെ ആശുപത്രി അധികൃതർ , ഭക്ഷണം ,വെള്ളം, വിറ്റാമിൻ എ തുള്ളികൾ എന്നിവയുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടന്ന് വരികയാണ്.