കഞ്ചാവ് വിൽപന എക്സൈസിനെ അറിയിച്ച യുവാവിനെ ക്രൂരമായി മർദ്ദിച്ച മൂന്ന് പ്രതികൾ പൊലീസ് പിടിയിൽ. യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച ശേഷം, തല മൊട്ടയടിച്ച് വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. തിരുവനന്തപുരം നാലാഞ്ചിറയിലാണ് ക്രൂരമായി സംഭവം നടന്നത്. തിരുവനന്തപുരം സ്വദേശിയായ അബ്ദുള്ളയെ ആറംഗ സംഘം വിമാനത്താവളത്തിന് സമീപത്ത് നിന്ന് തട്ടികൊണ്ട് പോവുകയായിരുന്നു.
രാത്രി 11 മണിയോടെ ബൈക്കിൽ എത്തിയ സംഘം അബ്ദുള്ളയെ ഭീഷണിപ്പെടുത്തി ബൈക്കിൽ കയറ്റി നാലാഞ്ചിറയിൽ എത്തിച്ചു. തുടർന്ന് നാലാഞ്ചിറ കുരിശടിക്ക് സമീപമുള്ള ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ച ശേഷം വടി ഉപയോഗിച്ച് അടിക്കുകയായിരുന്നു. കൂടാതെ വാളുകൊണ്ട് കാൽപാദത്തിൽ വെട്ടി പരിക്കേൽപ്പിച്ചു. തുടർന്ന് കണ്ണ് കെട്ടി ഒഴിഞ്ഞ വീട്ടിൽ എത്തിച്ച് വീണ്ടും മർദ്ദിച്ചു. ട്രിമ്മർ ഉപയോഗിച്ച് അബ്ദുള്ളയുടെ തല മൊട്ടയടിച്ചു. ഒരു രാത്രിയും പകലും നീണ്ട മർദ്ദനത്തിന് ശേഷം ചൊവ്വാഴ്ച വൈകുന്നേരം മുറിഞ്ഞപാലത്ത് ഇറക്കി വിട്ട് സംഘം കടന്നു കളയുകയായിരുന്നു.
പ്രതികളിലൊരാളായ ജ്യോതിഷിന്റെ കഞ്ചാവ് കച്ചവടം എക്സൈസിനെ അറിയിച്ചത് അബ്ദുള്ളയാണെന്ന് പറഞ്ഞായിരുന്നു ക്രൂര മർദ്ദനം. നാലാഞ്ചിറ സ്വദേശി ജിതിൻ, മരുതൂർ സ്വദേശി ജ്യോതിഷ്, മുട്ടട സ്വദേശി സച്ചു ലാൽ എന്നിവരെയാണ് മണ്ണന്തല പൊലീസ് പിടികൂടിയത്. സംഭവത്തിൽ ഇനി രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്.