സ്കൂളുകളിൽ വിദ്യാർത്ഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറോടും പൊലീസിനോടും വിശദീകരണം തേടി. വിദ്യാഭ്യാസ വകുപ്പും റിപ്പോർട്ട് സമർപ്പിക്കണം. വിഷയം അടിയന്തര സ്വഭാവത്തിൽ അന്വേഷിക്കണമെന്നാണ് കമ്മീഷൻ നിർദേശം.
സംഭവം ജുവൈനൽ ജസ്റ്റിസ് ആക്ടിന്റെ നഗ്മമായ ലംഘനമാണെന്ന് ബാലവകാശ കമ്മീഷൻ അംഗം അഡ്വ. ബി മോഹൻ കുമാർ വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേക്ഷണം നടത്തി.
കുട്ടികളെ അന്ധവിശ്വാസങ്ങളിലേക്കും അനാചാരങ്ങളിലേക്കും വഴിതിരിച്ചു വിടുന്ന പ്രവർത്തിയാണിത്. കർശന നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികൾക്ക് ആത്മാഭിമാനം ഉണ്ട്, എന്നിട്ടാണ് അധ്യാപകരുടെ കാൽ ചുവട്ടിൽ ഇരിക്കുന്നത്. കുട്ടികളുടെ അവകാശങ്ങൾ പാലിക്കപ്പെടണം. മത നിലപാട് വിദ്യാലയങ്ങളിൽ അടിച്ചേൽപ്പിക്കരുതെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അതാത് വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകർക്കെതിരെ കേസെടുക്കുമെന്നും കമ്മീഷൻ അംഗം അഡ്വ. ബി മോഹൻ കുമാർ കൂട്ടിച്ചേർത്തു.