സ്‌കൂള്‍ പാചക തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി,അടിസ്ഥാന പ്രശ്നങ്ങള്‍ പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ കെ റ്റി ഡി സി യുടെ സഹകരണത്തോടെ പി.എം പോഷണ്‍ – പൊതുവിദ്യാഭ്യാസവകുപ്പ് സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സ്‌കൂള്‍ പാചക തൊഴിലാളി മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സ്‌കൂള്‍ കുട്ടികള്‍ക്ക് പോഷക സമൃദ്ധവും രുചികരവുമായ ഉച്ചഭക്ഷണം ഒരുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന പാചകത്തൊഴിലാളികളുടെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട്,അവരുടെ നൈപുണ്യം വര്‍ധിപ്പിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പുതിയ കാല്‍വയ്പാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ശുചിത്വം,സുരക്ഷ,പരിഷ്‌കരിച്ച മെനു അനുസരിച്ചുള്ള പാചകം എന്നീ വിഷയങ്ങള്‍ക്കാണ് പരിശീലനത്തില്‍ പ്രധാന ഊന്നല്‍ നല്‍കുന്നത്. എല്ലാ അധ്യയന വര്‍ഷാരംഭത്തിലും പാചക തൊഴിലാളികള്‍ക്ക് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് മുഖാന്തരം പൊതുവിദ്യാഭ്യാസ വകുപ്പ് പരിശീലനം നല്കി വരുന്നുണ്ട്. ഇത്തവണയും ഇത്തരത്തില്‍ ആറ് ജില്ലകളില്‍ പരിശീലനം നടന്നു.
കൂടുതല്‍ മികച്ച രീതിയില്‍ പരിശീലനം സംഘടിപ്പിക്കുന്നതിന് ഇത്തവണ കെ റ്റി ഡി സി യുടെ സഹകരണത്തോടെ 8 ജില്ലകളില്‍ 30 മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് വീതം പരിശീലനം നല്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. തുടര്‍ന്ന് ഈ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ മറ്റു തൊഴിലാളികള്‍ക്ക് പരിശീലനം നല്കും. ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിഷ്‌കരിച്ച സാഹചര്യത്തില്‍ ഇത് ഏറെ പ്രയോജനപ്രദമാകും. ഫോര്‍ട്ടിഫൈഡ് അരിയും മില്ലറ്റും ഉപയോഗിച്ച് വിവിധയിനം വിഭവങ്ങള്‍ തയ്യാറാക്കുന്നതിനുള്ള പ്രായോഗിക പരിശീലനം തൊഴിലാളികള്‍ക്ക് ലഭിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ പ്രാദേശികമായി ലഭിക്കുന്ന പച്ചക്കറികള്‍ ഉപയോഗിച്ച് രുചികരമായ കറികള്‍ തയ്യാറാക്കുന്നതും പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ സംരംഭം സ്‌കൂളുകളിലെ ഉച്ചഭക്ഷണ പരിപാടിയെ കൂടുതല്‍ കാര്യക്ഷമവും പോഷക സമൃദ്ധവുമാക്കാന്‍ സഹായിക്കും.
പാചകതൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്ത് ഈ വര്‍ഷം മുതല്‍ ഫയര്‍ ആന്റ് റെസ്‌ക്യു വകുപ്പിന്റെ നേതൃത്വത്തില്‍ സുരക്ഷാ പരിശീലനം കൂടി ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് പാചക തൊഴിലാളികളുടെ വിവിധ ആവശ്യങ്ങള്‍ നേരില്‍ കേട്ട മന്ത്രി,ഇക്കാര്യങ്ങള്‍ക്ക് മുന്തിയ പരിഗണന നല്കുമെന്നും വ്യക്തമാക്കി. ഉദ്ഘാടന യോഗത്തിന് പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ സി.എ സന്തോഷ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബിന്ദു ആര്‍.,ഉച്ചഭക്ഷണ വിഭാഗം സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് മനോജ് പി.കെ എന്നിവര്‍ സംസാരിച്ചു. തിരുവനന്തപുരം ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നും തിരഞ്ഞെടുത്ത 30 മാസ്റ്റര്‍ ട്രെയിനര്‍മാര്‍ പരിശീലനത്തില്‍ പങ്കെടുത്തു.
CONTENT HIGH LIGHTS; The government is considering appointing a committee to study the basic issue of school cooking workers: Minister V. Sivankutty