ഉത്തർപ്രദേശ് ഗോരഖ്പൂരിൽ ബിആർഡി മെഡിക്കൽ കോളേജിലെ മലയാളി ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പാറശ്ശാല പാലൂർകോണം സ്വദേശി അഭിഷോ ഡേവിഡിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
താമസ മുറിക്കുള്ളിലാണ് അഭിഷോയെ മരിച്ച നിലയിൽ കണ്ടത്. കൂടാതെ മുറിയിൽ നിന്ന് മരുന്ന് കുത്തിവെച്ച നിലയിലുള്ള സിറിഞ്ച് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം ഇന്നലെ രാവിലെ 10 മണിയോടെയാണ് പൊലീസിന് വിവരം ലഭിച്ചത്. മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.
നിലവിൽ അഭിഷോയുടെ കുടുംബം ഗോരഖ്പൂരിൽ എത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. അന്വേഷണം നടന്നുവരുകയാണെന്ന് ഗോരക്പൂർ സിറ്റി എസ്പി വ്യക്തമാക്കി.