ടൊവിനോ തോമസിനെ നായകനാക്കി മുഹ്‌സിന്‍ പരാരി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘തന്ത വൈബ്’. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ വലിയ കാന്‍വാസില്‍ നല്ല സമയം എടുത്ത് പൂര്‍ത്തിയാക്കേണ്ട സിനിമയാണ് ‘തന്ത വൈബ്’ എന്ന് ചിത്രത്തിന്റെ നിര്‍മാതാവായ ആഷിഖ് ഉസ്മാന്‍ തുറന്ന് പറയുകയാണ്. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നിര്‍മാതാവിന്റെ പ്രതികരണം.
ആഷിഖ് ഉസ്മാന്റെ വാക്കുകള്‍….
‘2026 അവസാനമോ 2027 ആദ്യമോ ആകും സിനിമയുടെ ഷൂട്ട് തുടങ്ങാന്‍ സാധ്യത. വലിയ കാന്‍വാസിലാണ് ആ സിനിമയൊരുങ്ങുന്നത്. ഷൂട്ട് മുഴുവന്‍ തായ്ലന്‍ഡില്‍ ആണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഭയങ്കരമായ പ്രീ പ്രൊഡക്ഷനും ഒരുപാട് ലൊക്കേഷന്‍സും ഉള്ളതുകൊണ്ട് എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്ന സിനിമയല്ല, നല്ല ടൈം എടുക്കും’.
ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചമന്‍ ചാക്കോ ആണ് എഡിറ്റര്‍. സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത് വിഷ്ണു വിജയ് ആണ്. സുഡാനി ഫ്രം നൈജീരിയ, വൈറസ്, ഹലാല്‍ ലൗ സ്റ്റോറി, തല്ലുമാല തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ആളാണ് മുഹ്സിന്‍.