കുടലിന്റെ ആരോഗ്യത്തിന് പ്രാധാന്യം കൊടുക്കുന്നവരാണെങ്കിൽ ദിവസവും 2 കിവി കഴിക്കാനാണ് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നത്. 2022 ലെ ഒരു പഠനമനുസരിച്ച്, ദിവസവും രണ്ട് കിവി പഴങ്ങൾ കഴിക്കുന്നത് മലബന്ധം കുറയ്ക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. കിവി എപ്പോഴും തൊലി കളഞ്ഞശേഷമാണ് കഴിക്കേണ്ടത്.
ഒരു കിവി പഴത്തിൽ ഒരു മുതിർന്ന വ്യക്തിയുടെ ദൈനംദിന വിറ്റാമിൻ സി ആവശ്യകതയുടെ 80 ശതമാനമോ അതിൽ കൂടുതലോ അടങ്ങിയിട്ടുണ്ട്, കൂടാതെ രണ്ട് മുതൽ നാല് ഗ്രാം വരെ നാരുകളും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഇ, കെ എന്നിവയ്ക്കും മറ്റ് ഗുണകരമായ ആന്റിഓക്‌സിഡന്റുകൾക്കും പുറമേ, കിവിയുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളിലൊന്ന് ആക്ടിനിഡിൻ എന്ന എൻസൈമാണ്. ഇത് ചുരുക്കം ചില ഭക്ഷണ സ്രോതസുകളിൽ മാത്രമേ കാണപ്പെടുന്നുള്ളൂ. ഇത് പ്രോട്ടീനുകളെ തകർക്കാൻ സഹായിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യും.
2022-ൽ നടത്തിയ ഒരു പഠനത്തിൽ, നാല് ആഴ്ചത്തേക്ക് ദിവസവും രണ്ട് കിവി കഴിക്കുന്നത് ആളുകൾക്ക് മലവിസർജ്ജനം സുഗമമാക്കാൻ സഹായിച്ചതായി കണ്ടെത്തി. മലബന്ധമുള്ളവരിൽ വയറുവേദന, ദഹനക്കേട്, മലവിസർജന സമയത്ത് ഉണ്ടാകുന്ന ബുദ്ധിമുട്ട് എന്നിവ മെച്ചപ്പെടുത്തിയതായി പഠനത്തിൽ തെളിഞ്ഞു.
ദിവസവും രണ്ട് കിവി കഴിക്കുന്നത് മലബന്ധവും ഇറിറ്റബിൾ ബവൽ സിൻഡ്രോമും (IBS-C) ഉള്ള വ്യക്തികളിൽ മലവിസർജനത്തിന്റെ ആവൃത്തി, മൊത്തത്തിലുള്ള ദഹനം എന്നിവയിൽ മാറ്റം ഉണ്ടാക്കിയതായി 2023 ജൂണിൽ അമേരിക്കൻ ജേണൽ ഓഫ് ഗ്യാസ്ട്രോഎൻട്രോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. എല്ലാ ദിവസവും കിവി കഴിക്കുന്നത് നിങ്ങൾ വിചാരിക്കുന്നതിലും കൂടുതൽ ഗുണം ചെയ്തേക്കാം. അതിനാൽ, ദിവസവും കിവി കഴിക്കുക.