യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടം നേടി ഇന്ത്യയിലെ മറാത്ത സൈനിക ഭൂപ്രകൃതികൾ. ലോക പൈതൃക സമിതിയുടെ 47 -ാമത് സെഷനിൽ ആണ് മറാത്ത സൈനിക ഭൂപ്രകൃതികളെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിന് ലോകത്തിനു മുൻപിൽ ലഭിച്ചിരിക്കുന്ന വലിയൊരു അംഗീകാരം കൂടിയാണിത്. ഈ സുപ്രധാന നേട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനങ്ങൾ അറിയിച്ചു.യുനെസ്കോയുടെ അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ 44-ാമത്തെ പൈതൃക കേന്ദ്രമാണ് തമിഴ്‌നാട്ടിലെയും മഹാരാഷ്‌ട്രയിലെയും കോട്ടകള്‍.
17-ാം നൂറ്റാണ്ട് മുതൽ 19-ാം നൂറ്റാണ്ട് വരെയുള്ള മറാഠ സാമ്രാജ്യത്തിൻ്റെ സൈനിക തന്ത്രങ്ങളുടെയും വാസ്‌തുവിദ്യാ വൈഭവത്തിൻ്റെയും പ്രതീകമായ പന്ത്രണ്ട് കോട്ടകളുടെ ശൃംഖലയാണ് ഈ നേട്ടത്തിന് അർഹമായിരിക്കുന്നത്. മഹാരാഷ്ട്രയിലെ 11 കോട്ടകളും തമിഴ്‌നാട്ടിലെ ഒരു കോട്ടയും ഇതിൽ ഉൾപ്പെടുന്നു.
. ഇതിഹാസ മറാത്ത രാജാവ് ഛത്രപതി ശിവാജി മഹാരാജ് സഹ്യാദ്രി പർവതനിരകളുടെ ദുർഘടമായ ഭൂപ്രദേശങ്ങൾക്ക് അനുയോജ്യമായ രീതിയിൽ തന്ത്രപരമായ രൂപകൽപ്പന നടത്തിയിട്ടുള്ളതാണ് ഈ കോട്ടകൾ. മഹാരാഷ്ട്രയിലെ സാൽഹെർ, ശിവ്‌നേരി, ലോഹ്ഗഡ്, ഖണ്ഡേരി, റായ്ഗഡ്, രാജ്ഗഡ്, പ്രതാപ്ഗഡ്, സുവർണദുർഗ്, പൻഹാല, വിജയദുർഗ്, സിന്ധുദുർഗ് എന്നിവയും തമിഴ്‌നാട്ടിലെ ജിംഗി കോട്ടയും ഉൾപ്പെടുന്നതാണ് മറാത്ത സൈനിക ഭൂപ്രകൃതികൾ.
















