Automobile

ഫോർഡ് തിരിച്ചുവരുന്നു?? ആദ്യം എത്തുക എൻഡീവർ

പ്രമുഖ അമേരിക്കൻ വാഹന ബ്രാൻഡ് ഫോർഡ് എത്തുന്നു എന്നതരത്തിലുള്ള വാർത്ത സജീവമായിട്ട് കുറേ ദിവസങ്ങളായി.തമിഴ്‌നാട്ടിലെ നിർമ്മാണ പ്ലാന്റ് പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികളുമായി അമേരിക്കൻ കാർ നിർമ്മാതാവ് മുന്നോട്ട് പോകുകയാണെന്നും വാർത്തകൾ വന്നിരുന്നു.ഇപ്പോഴിതാ 2026 ഓടെ ഫോർഡ് ഇന്ത്യയിൽ തിരിച്ചെത്തുമെന്ന തരത്തിലുള്ള സൂചനകൾ പുറത്ത് വന്നിരിക്കുകയാണ്.2026 സെപ്റ്റംബർ മാസത്തോടെ കമ്പനി ഇന്ത്യയിൽ പ്രവർത്തനം വീണ്ടും തുടങ്ങുമെന്ന് ഒരു മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.2025 അവസാനത്തോടെ ഫോർഡ് ഇന്ത്യയിൽ പ്രവർത്തനം വീണ്ടും ആരംഭിച്ചേക്കാം. അന്താരാഷ്ട്ര വിപണികളിലേക്ക് ഘടകങ്ങൾ കയറ്റുമതി ചെയ്യുന്നതിനായി ഫോർഡ് ഉൽപ്പാദനം പുനരാരംഭിക്കുക മാത്രമായിരിക്കും ആദ്യഘട്ടത്തിൽ ചെയ്യുക. പിന്നാലെ 2026 സെപ്റ്റംബർ മാസത്തോടെ ഫോർഡ് എവറസ്റ്റ് എന്ന പേരിൽ അന്താരാഷ്ട്ര വിപണികളിൽ വിൽക്കുന്ന എൻഡവറിനെ ഇന്ത്യൻ വിപണിയിൽ തിരികെ കൊണ്ടുവന്നേക്കും. ഉൽപ്പാദനം പുനരാരംഭിക്കുന്നതിനായി ഫോർഡ് തങ്ങളുടെ ചെന്നൈ പ്ലാന്റ് ഒരുക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഇന്ത്യയിൽ ഘടകങ്ങൾ നിർമ്മിക്കുന്നത് കൂടുതൽ ചെലവ് കുറഞ്ഞതായതിനാൽ ഫോർഡ് ഇന്ത്യയിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്നു. അമേരിക്കയെ അപേക്ഷിച്ച് ഇവിടെ ലേബർ ചെലവ് കുറവാണ്. കൂടാതെ ബ്രാൻഡിന് ഇതിനകം തന്നെ ഇന്ത്യയിൽ സുസ്ഥിരമായ വിതരണ ശൃംഖലകളുണ്ട്. ഇത് സൗകര്യം വർദ്ധിപ്പിക്കുന്നു.നിലവിൽ ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ് തുടങ്ങിയ അന്താരാഷ്ട്ര വിപണികൾക്കായി ഫോർഡ് കാറുകൾ നിർമ്മിക്കുന്നുണ്ട്. ബിടിഎ (ബൈലാറ്ററൽ ട്രേഡ് എഗ്രിമെന്റ്സ്) ക്കൊപ്പം ഇന്ത്യയ്ക്ക് ശക്തമായ തുറമുഖ അടിസ്ഥാന സൗകര്യവുമുണ്ട്. ഇത് ഫോർഡിന് വിവിധ രാജ്യങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത് എളുപ്പമാക്കുന്നു.