മുരിങ്ങയിലയുടെ വ്യത്യസ്ത വിഭവങ്ങള്‍ നാം നിത്യജീവിതത്തിലെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍ അതിലേറെ ഗുണമുള്ള മുരിങ്ങയിലയുടെ വിഭവമാണ് മുരിങ്ങയിലപൊടി. ഇത് നിത്യവും ഒരു സ്പൂണ്‍ കഴിക്കുകയാണെങ്കില്‍ ഗുണങ്ങള്‍ ഏറെയാണ്. കാലങ്ങളായി നമ്മള്‍ ദോശയ്ക്കും ഇഡ്ഡലിയ്ക്കും കോംമ്പിനേഷനായി മുരിങ്ങയില പൊടി ഉപയോഗിക്കാറുണ്ട്. അതുപോലെ തന്നെ മുരിങ്ങയില പൊടി സാലഡുകളിലും സ്മൂത്തിയിലും സൂപ്പിലും ചേര്‍ത്തു കഴിക്കാവുന്നതാണ്.
നമ്മള്‍ ദിവസവും കഴിക്കുന്ന ഭക്ഷണത്തില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങുന്നത് വളരെ നല്ലതാണ്.മുരിങ്ങയില പൊടിയില്‍ ക്വര്‍സെറ്റിന്‍, ക്ലോറോജെനിക് ആസിഡ്, തുടങ്ങിയ ആന്റിഓക്സിഡന്റുകളാല്‍ ധാരാളമുണ്ട്. ആന്റി ഓക്സിഡന്റുകള്‍ ശരീരത്തില്‍ ഉണ്ടാകുന്ന മാരകമായ ഫ്രീ റാഡിക്കലുകളില്‍ നിന്ന് സംരക്ഷണമേകുന്നു . അമിതമായ് ഫ്രീ റാഡിക്കലുകള്‍ ഉണ്ടായാല്‍ നിങ്ങളുടെ പ്രായംകൂടുവാനിടയാകും, എന്നാല്‍ മുരിങ്ങയില പൊടിയിലെ ആന്റിഓക്സിഡന്റുകള്‍ പ്രായമാകുന്ന പ്രക്രിയയെ മന്ദഗതിയിലാക്കി ചെറുപ്പം നിലനിര്‍ത്തുവാന്‍ സഹായിക്കും. ഈ സംയുക്തങ്ങള്‍ ക്യാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു: മുരിങ്ങയിലപൊടി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനുള്ള മികച്ച മാര്‍ഗമാണ്. വൈറ്റമിന്‍ സി-യുടെ കലവറയാണ് മുരിങ്ങയിലപൊടി. ഇത് പതിവായി കഴിക്കുന്നത് വേഗത്തിന്‍ രോഗമുക്തരാക്കുകയും ഉന്മേഷഭരിതരാക്കുകയും ചെയ്യുന്നു. അണുബാധയ്ക്ക് വളരെ മികച്ച പ്രതിരോധമാണ് മുരിങ്ങയില പൊടി.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിതമാക്കുന്നു: മുരിങ്ങയിലപൊടിയുടെ പതിവ് ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.
ഭക്ഷണത്തിന് ശേഷം ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും, ഇന്‍സുലിന്‍ സംവേദന ക്ഷമതമെച്ചപ്പെടുത്തുവാനും മുരിങ്ങയിലപൊടിക്ക് കഴിയും. പ്രമേഹം കുറയ്ക്കാനുള്ള പ്രകൃതിദത്തമായ വിഭവമാണിത്.
പല വിട്ടുമാറാത്ത രോഗങ്ങളുടേയും പ്രധാന കാരണം വീക്കം ആണ്. മുരിങ്ങയില്‍ അടങ്ങിയ ഐസോഥയോസയനേറ്റസ് നീരും, വേദനയും അസ്വസ്ഥതയും പാര്‍ശ്വഫലങ്ങളൊന്നുമില്ലാതെ കുറയ്ക്കും. മുരിങ്ങയിലപൊടി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ കുടലിലെ പുണ്ണ്, വയറിളക്കം, മലബന്ധം, ദഹനപ്രശ്നങ്ങള്‍, എന്നിവയ്ക്കെല്ലാം ഒരുപോലെ പ്രശ്‌ന പരിഹാരം നേടാം. ശരീരത്തിലെ വിഷാംശം ഇല്ലാതാകുന്നതിനും മുരിങ്ങയില പൊടി ഉപയോഗപ്രദമാണ്.
മുരിങ്ങയില പൊടി പതിവായ് കഴിക്കുന്നതിലൂടെ ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാം. ചര്‍മ്മം തിളക്കവും വ്യക്തവുമുള്ളതാക്കുന്നു. ഇതിലെ പോഷകങ്ങള്‍ മുഖക്കുരുവിനെ ചെറുക്കാനും , പ്രായം കുറയ്ക്കാനും സഹായിക്കുന്നു. അതോടൊപ്പം തന്നെ തലമുടിയുടെ വളര്‍ച്ചയ്ക്കും മുരിങ്ങയിലപൊടി വളരെയധികം നല്ലതാണ്.