പെരിന്തല്‍മണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ അമ്പതുകാരൻ നിപ ബാധിച്ച് മരിച്ചു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകീട്ടോടെയാണ് മരണം സംഭവിച്ചത്. മഞ്ചേരി മെഡിക്കല്‍കോളേജില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചു.
മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍നിന്ന് റഫര്‍ ചെയ്ത രോഗി കടുത്ത ശ്വാസതടസ്സത്തോടെ വെള്ളിയാഴ്ച വൈകുന്നേരമാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. നിപ ലക്ഷണങ്ങളുമായി സാമ്യം തോന്നിയതിനാല്‍ പ്രത്യേകം സജ്ജീകരിച്ച ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ഐസൊലേറ്റ് ചെയ്താണ് ചികിത്സിച്ചത്. ഇതോടെ സംസ്ഥാനത്ത് നിപ വൈറസ് ഭീഷണി വീണ്ടും സജീവമായിരിക്കുകയാണ്. ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മരണപ്പെട്ടയാൾക്ക് എവിടെ നിന്നാണ് രോഗം പകർന്നതെന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താനും നിരീക്ഷണത്തിലാക്കാനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്.