തിരുവനന്തപുരം: കേരള സർവകലാശാലയിലെ ഭരണ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. വിസി മോഹനൻ കുന്നുമ്മലിന്റെ നിർദ്ദേശം തള്ളി രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിന് ഇ-ഫയലുകൾ കൈകാര്യം ചെയ്യാനുള്ള അധികാരം സിൻഡിക്കേറ്റ് ഇടപെട്ട് പുനഃസ്ഥാപിച്ചു. ഡിജിറ്റൽ ഫയലിംങ് നിയന്ത്രണം തനിക്ക് വേണമെന്ന വി.സിയുടെ ആവശ്യം സോഫ്റ്റ്‌വെയർ സർവീസ് നൽകുന്ന കമ്പനിയും തള്ളി.
സർവകലാശാലയുടെ ഡിജിറ്റൽ ഫയലിങ് സിസ്റ്റം വി.സിയുടെ പൂർണ നിയന്ത്രണത്തിലാക്കണമെന്നും അഡ്മിൻ അധികാരം നൽകിയ നോഡൽ ഓഫിസർമാരെ പിൻവലിക്കണമെന്നുമുള്ള നിർദേശം അംഗീകരിക്കാൻ സേവനദാതാക്കൾ വിസമ്മതിച്ചു. ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ സമ്മർദങ്ങൾക്ക് ഏജൻസി വഴങ്ങിയെന്നാണ് ആരോപണം.
സൂപ്പർ അഡ്മിൻ ആക്സസ് വി.സിക്ക് മാത്രം ആക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും വിസിക്ക് സർവകലാശാലയുമായി കരാർ ഇല്ലെന്നായിരുന്നു സോഫ്റ്റ്‌വെയർ കമ്പനിയുടെ മറുപടി. കെൽട്രോൺ ആണ് സോഫ്റ്റ്‌വെയർ കമ്പനിയെ കരാർ ഏൽപ്പിച്ചത്. ഇതോടെ അനിൽകുമാറിൽ നിന്ന് ഫയൽ നീക്കം തടയാനുള്ള വിസിയുടെ ശ്രമം പരാജയപ്പെട്ടു. എന്നാൽ രജിസ്ട്രാർ അനിൽകുമാർ അയക്കുന്ന എല്ലാ ഫയലുകളും വിസി തിരിച്ചയക്കുകയാണ്.
കഴിഞ്ഞ ദിവസം വിസി ചുമതലപ്പെടുത്തിയ രജിസ്ട്രാറായ മിനി കാപ്പന് ഫയലുകൾ അയക്കണമെന്ന നിർദേശമുണ്ടായിരുന്നു. എന്നാൽ ഇത് നടപ്പിലായില്ല. പകരം കെ എസ് അനിൽ കുമാറിന് തന്നെ ഫയലുകൾ അയക്കുമെന്ന തീരുമാനത്തിലേക്കായിരുന്നു പ്രൊവൈഡർമാർ എത്തിയിരുന്നത്. അങ്ങനെയെങ്കിൽ തനിക്ക് നേരിട്ട് അയക്കണമെന്ന് മോഹനൻ കുന്നുമ്മേൽ വ്യക്തമാക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് നേരിട്ട് സർവീസ് പ്രൊവൈഡർമാരെ വിസി ബന്ധപ്പെട്ടത്.
അനിൽ കുമാർ അംഗീകരിച്ച ഫയലുകളിൽ മേൽനടപടി പാടില്ലെന്ന് വി.സി
തിരുവനന്തപുരം: രജിസ്ട്രാർ തലത്തിൽ തീർപ്പുകൽപ്പിക്കേണ്ട ഫയലുകളിൽ ഡോ. അനിൽകുമാർ അംഗീകരിക്കുന്നവയിൽ മേൽനടപടി കൈക്കൊള്ളുന്നതിന് നിയമസാധുതയില്ലെന്ന് വി.സി ജോയന്റ് രജിസ്ട്രാർമാർക്ക് നിർദേശം നൽകി. അനിൽകുമാർ ഒപ്പിട്ടയക്കുന്ന ഫയലുകളിൽ മേൽനടപടി കൈക്കൊള്ളുന്നത് ഗൗരവമായി കാണുമെന്നും വി.സി ഡോ. മോഹനൻ കുന്നുമ്മൽ അറിയിച്ചിട്ടുണ്ട്.