ന്യൂഡല്‍ഹി: രാജ്യം നടുങ്ങിയ അഹമ്മദാബാദ് വിമാനാപകടത്തില്‍ ആരെയും നേരിട്ട് പഴിചാരാതെയും എന്നാല്‍ സംശയങ്ങള്‍ ബാക്കിനിര്‍ത്തിയുമാണ് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. സാങ്കേതികവശങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിനൊപ്പം പൈലറ്റുമാരുടെ സംഭാഷണമടക്കം എടുത്തുപറഞ്ഞുള്ള റിപ്പോര്‍ട്ട് വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. എന്നാൽ വിമാന അപകടത്തിന്റ കാരണം പൈലറ്റുമാരുടെ മാത്രം പിഴവാണെന്ന നിഗമനത്തിൽ എത്താൻ കഴിയില്ലെന്ന് വ്യോമയാന വിദഗ്ധർ. സ്വിച്ചുകൾക്ക് ഇരുവശവും സംരക്ഷണ ബ്രാക്കറ്റുകൾ ഉള്ളതിനാൽ അബദ്ധത്തിൽ കൈതട്ടി സ്വിച്ച് ഓഫ് ആകാനുള്ള സാധ്യത ഇല്ല. കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറിന്റെ പൂർണ്ണ ഓഡിയോയും ട്രാൻസ്ക്രിപ്റ്റും പുറത്ത് വന്നാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാകൂ എന്നാണ് പൈലറ്റ്മാരുടെ നിലപാട്.
ഇലക്ട്രിക് പിഴവിനെ തുടർന്ന് സ്വിച്ചുകൾ കട്ട് ഓഫ് ആകാൻ സാധ്യത ഉണ്ടെന്നും വിദഗ്ദർ അഭിപ്രായപ്പെടുന്നു. ബ്ലാക്ക് ബോക്സുകൾ വിശദമായി പരിശോധിച്ചാൽ മാത്രമേ സ്വിച്ചുകൾ കട്ട്-ഓഫ് ചെയ്തതാണോ മറ്റേതെങ്കിലും പ്രശ്നം മൂലം സ്വയം കട്ട് ഓഫ് ആയതാണോ എന്ന് പറയാനാകൂ. അതിനു മുൻപ് പൈലറ്റുമാരുടെ മുകളിൽ പഴി ചാരരുതെന്നും പൈലറ്റ്മാരുടെ സംഘടന വ്യക്തമാക്കി.
വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത് സെക്കൻഡുകൾക്കുള്ളിൽ വിമാനത്തിന്റെ എഞ്ചിനുകളും പ്രവർത്തനരഹിതമായി. ഇതിന് പിന്നിലെ കാരണം ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ആയതെന്നാണ് എയർ ക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ കണ്ടെത്തൽ. ഒരു സ്വിച്ച് ഓഫ് ആയി ഒരു സെക്കൻഡ് ദൈർഘ്യത്തിൽ രണ്ടാമത്തെ സ്വിച്ചും ഓഫ് ആയി. എന്നാൽ എങ്ങനെയാണ് സ്വിച്ച് ഓഫായതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടില്ല.