ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് ചലച്ചിത്ര നടനും മുൻ ബിജെപി എംഎൽഎയുമായ കോട്ട ശ്രീനിവാസ റാവു (83) അന്തരിച്ചു. ജൂബിലി ഹില്‍സിലെ ഫിലിംനഗറിലുള്ള വീട്ടില്‍ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു. വിവിധ ഭാഷകളിലായി 750-ലേറെ ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹം തന്റെ വില്ലന്‍ വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനാകുന്നത്.
ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ കങ്കിപാടുവിൽ ജനിച്ച റാവു 1978ൽ പുറത്തിറങ്ങിയ ‘പ്രാണം ഖരീദു’ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ 750-ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കൊമേഡിയനായും വില്ലനായും സഹനടനായും അദ്ദേഹം നിരവധി അതുല്യ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുണ്ട്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1999 മുതൽ 2004 വരെ എംഎൽഎ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2015 ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചിരുന്നു.