ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്ക്ക് ഇന്ന് തുടക്കം. ഞായറാഴ്ച പകൽ 11 മണിക്ക് ക്ഷേത്രമുറ്റത്തെ ആനക്കൊട്ടിൽ നടക്കുന്ന ചടങ്ങിൽ എൺപത് ദിവസം നീണ്ടു നിൽക്കുന്ന വഴിപാട് വള്ളസദ്യ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും. 410 വള്ളസദ്യകളാണ് ഈ വർഷം ഇതുവരെ ബുക്ക് ചെയ്തിട്ടുള്ളത്.
ആറന്മുള ക്ഷേത്രമുറ്റത്ത് തൂശനിലയിൽ 64 വിഭങ്ങൾ ആണ് സദ്യക്ക് വിളമ്പുക. 52 കരകളിലെ പള്ളിയോടങ്ങളാണ് വഴിപാട് അനുസരിച്ച് ഓരോദിവസും വള്ളസദ്യയിൽ പങ്കെടുക്കുന്നത്. വള്ളസദ്യയുടെ ആദ്യദിനമായ ഞായറാഴ്ച ഏഴു പള്ളിയോടങ്ങൾ പങ്കെടുക്കും. ഒക്ടോബർ രണ്ടുവരെ വള്ളസദ്യ തുടരും. വള്ളസദ്യയുടെ ഭാഗമായി ക്ഷേത്രത്തിലേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. മന്ത്രി വീണാ ജോര്‍ജ്, ആന്റ്‌റോ ആന്റണി എം പി, പ്രമോദ് നാരായണന്‍ എം എല്‍ എ തുടങ്ങിയവര്‍ പരിപാടിയിൽ പങ്കെടുക്കും.