പാലക്കാട് ചിറ്റൂരില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിന് കാരണം പെട്രോള്‍ ടാങ്കിൽ നിന്നുള്ള ചോര്‍ച്ചയാകാമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് സംശയിക്കുന്നത്. ഇന്ധനം സ്റ്റാര്‍ട്ടിങ് മോട്ടോറിലേക്ക് വീണു. സ്റ്റാര്‍ട്ടാക്കിയപ്പോള്‍ സ്പാര്‍ക്കിംഗ് ഉണ്ടായി തീ പടര്‍ന്നുവെന്നാണ് നിഗമനം.
പെട്രോള്‍ കടന്നുപോകുന്ന ലൈനുകള്‍ക്ക് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ ഇന്ധന ചോര്‍ച്ച സംഭവിക്കും, കാര്‍ ആദ്യം സ്റ്റാര്‍ട്ട് ചെയ്ത് പുറത്തെടുത്തപ്പോള്‍ ഇന്ധന ചോര്‍ച്ച സംഭവിച്ചിരിക്കാം. പെട്രോള്‍ ട്യൂബ് ചോര്‍ന്ന് സ്റ്റാര്‍ട്ടിങ് മോട്ടോറിനു മുകളിലേക്കു പെട്രോള്‍ വീണിട്ടുണ്ടാകാം. എല്‍സി കാര്‍ ഓഫ് ചെയ്ത് ഇറങ്ങിയപ്പോള്‍ ചോര്‍ന്ന ഇന്ധനം അടിഞ്ഞുകൂടിയിട്ടുണ്ടാകാം. അവര്‍ തിരിച്ചെത്തി കാര്‍ വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സ്റ്റാര്‍ട്ട് മോട്ടോറില്‍ ഉണ്ടായ തീപ്പൊരി തീപിടുത്തത്തിന് കാരണമായിരിക്കാം. എന്‍ജിനിലേക്ക് ഇന്ധനം ഒഴുകുന്നത് തുടര്‍ന്നതോടെ, തീജ്വാല വലുതായി കാറിനെ വിഴുങ്ങി.വയറുകള്‍ പെട്ടെന്ന് കത്തിയതോടെ, സെന്‍ട്രല്‍ ലോക്കിങ് സിസ്റ്റം പ്രവര്‍ത്തനരഹിതമായി. ഇത് യാത്രക്കാര്‍ക്ക് കാറില്‍ നിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിന് തടസ്സം സൃഷ്ടിച്ചു.- മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം അപകടത്തില്‍ മരിച്ച രണ്ട് കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. ആറുവയസുകാരന്‍ ആല്‍ഫ്രഡ് നാലു വയസുകാരി എമിലീന എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. അമ്മ എല്‍സിയുടെ നില ഗുരുതരമായി തുടരുന്നു.
ആല്‍ഫ്രഡിന് 75 ശതമാനവും, എമിലീനയ്ക്ക് 60 ശതമാനവും പൊള്ളലേറ്റിരുന്നു. പാലാരിവട്ടം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം സംഭവിച്ചത്.
കഴിഞ്ഞദിവസം വൈകിട്ടാണ് എല്‍സിയുടെ വീട്ടുമുറ്റത്ത് വച്ച് അപകടമുണ്ടായത്. വീടിന് മുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ സ്റ്റാര്‍ട്ട് ആക്കിയപ്പോഴാണ് അപകടം സംഭവിച്ചത്. പൊട്ടിത്തെറി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.