രാജ്യസഭാംഗമായി രാഷ്ട്രപതി നോമിനേറ്റ് ചെയ്ത കേരളത്തിലെ ബി ജെ പി നേതാവ് സദാനന്ദൻ മാസ്റ്റർക്ക് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് പ്രതികരണം. സദാനന്ദന്‍ മാസ്റ്ററുടെ ജീവിതം ധൈര്യത്തിന്റെയും അനീതിക്കെതിരായ ചെറുത്തുനില്‍പ്പിന്റെയും പ്രതീകം എന്നാണ് പ്രധാനമന്ത്രി കുറിച്ചത്.
ഭീഷണികളും അക്രമവും നേരിട്ടെങ്കിലും രാജ്യത്തിന്റെ വികസനത്തിന് അദ്ദേഹം പ്രതിജ്ഞാബദ്ധനാണെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി. അധ്യാപകന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ എന്നീ നിലകളിലുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ പ്രധാനമന്ത്രി പ്രശംസിച്ചു. യുവജന ശാക്തീകരണത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശത്തെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം ബിജെപി നേതാവ് സി സദാനന്ദനെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്തു. കണ്ണൂർ കൂത്തുപറമ്പ് ഉരുവച്ചാൽ സ്വദേശിയാണ് സി സദാനന്ദൻ. രാജ്യസഭാംഗമായി സദാനന്ദനെ നിർദേശിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കി. നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ് സി സദാനന്ദൻ. 1994ൽ സിപിഎം ആക്രമണത്തിൽ അദ്ദേഹത്തിന്റെ കാൽ നഷ്ടപ്പെട്ടിരുന്നു.
രാജ്യസഭാംഗമായി നിർദേശിച്ചതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി ഇക്കാര്യത്തപ്പറ്റി നേരത്തെ സൂചന നൽകിയിരുന്നുവെന്നും സദാനന്ദൻ പറഞ്ഞു. സന്തോഷമുണ്ട്. പദവിയെക്കുറിച്ച് പ്രധാനമന്ത്രി നേരത്തെ സൂചന നൽകിയിരുന്നു. നേരിട്ടും സംസാരിച്ചിരുന്നു. കേരളത്തിനും കേരളത്തിലെ പാർട്ടി പ്രവർത്തനത്തിനും ശക്തി പകരുന്ന തീരുമാനമാണ് കേന്ദ്ര നേതൃത്വം സ്വീകരിച്ചത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ വരാനിരിക്കുകയാണ്. വികസിത ഭാരതം എന്ന സന്ദേശം പാർട്ടി നൽകിയിട്ടുണ്ട്. അത് സാധ്യമാകുന്ന നയങ്ങൾ പാർട്ടി സ്വീകരിക്കുകയാണ്. അതിന്റെ ഭാഗമായും ഇതിനെ കാണാം- സി സദാന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
സി സദാനന്ദന് പുറമെ മൂന്നു പേരെയും രാഷ്‌ട്രപതി നാമനിർദേശം ചെയ്തു. മഹാരാഷ്ട്രയിൽ നിന്നുള്ള അഭിഭാഷകനായ ഉജ്വൽ നികം, മുൻവിദേശകാര്യമന്ത്രി ഹർഷ വര്‍ധൻ സൃംഗ്ല, ചരിത്രകാരി മീനാക്ഷി ജയിൻ എന്നിവരും രാജ്യസഭയിൽ അംഗങ്ങളാകും.