തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ ചരക്ക് ട്രെയിനിന് തീപിടിച്ചതിൽ അട്ടിമറി നടന്നിട്ടുണ്ടോയെന്ന് സംശയിക്കുന്നു. അപകടം നടന്നതിന് 100 മീറ്റർ അകലെ ട്രാക്കിൽ വിള്ളൽ കണ്ടെത്തി. അപകടത്തിൽ അഞ്ച് ബോഗികളാണ് കത്തിയമർന്നത്. റെയിൽവേയുടെ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അപകടത്തെക്കുറിച്ച് റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.
മുന്‍കരുതലിന്റെ ഭാഗമായി പരിസര പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചു. മണാലിയിൽനിന്ന് തിരുപ്പതിയിലേക്ക് വരുകയായിരുന്നു ട്രെയിനിന് ഇന്ന് പുലർച്ചെയോടെയാണ് തീ പിടിച്ചത്. അപകടത്തെ തുടർന്ന് ചെന്നൈ-അരക്കോണം റൂട്ടിൽ ട്രെയിൻ ഗതാഗതം പൂർണമായും നിർത്തിവെച്ചു. ട്രെയിന്‍ എഗട്ടൂർ പ്രദേശത്ത് എത്തിയപ്പോഴാണ് തീ പിടുത്തം ശ്രദ്ധയില്‍പ്പെട്ടത്. ഒരു ടാങ്കറിൽ നിന്ന് ആരംഭിച്ച തീ മറ്റുള്ളവയിലേക്കും കൂടി വ്യാപിക്കുകയും കനത്ത പുക ഉയരുകയും ചെയ്തു. ഇതേതുടർന്ന് സതേൺ റെയിൽവേ വൈദ്യുതി വിതരണം നിർത്തിവെച്ച് നിരവധി ട്രെയിനുകൾ റദ്ദാക്കുകയും മറ്റുള്ളവയുടെ റൂട്ട് മാറ്റുകയും ചെയ്തു.