ഡിഎംകെ സർക്കാരിന്റെ കാലത്ത് കസ്റ്റഡിയിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ആവശ്യപ്പെട്ട് ചെന്നൈയിൽ നടൻ വിജയിയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം. സ്റ്റാലിന്റേത് സോറി മോഡൽ സർക്കാറാണെന്ന് വിജയ് ആരോപിച്ചു. സ്റ്റാലിൻ സർക്കാരിന്റെ കാലത്ത് നടന്ന എല്ലാ കസ്റ്റഡി മരണങ്ങളിൽ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് വിജയ് ആവശ്യപ്പെട്ടു.
അജിത് കുമാറിന്റെ കേസ് മാത്രം എന്തിന് സിബിഐ ക്ക് കൊടുത്തുവെന്ന് വിജയ് ചോദിച്ചു. എല്ലാത്തിനും കോടതിയിൽ പോകാൻ ആണെങ്കിൽ സർക്കാർ എന്തിനാണെന്നും എല്ലാത്തിനും മാപ്പ് പറയാൻ മാത്രമുള്ള സർക്കാരാണ് തമിഴ്നാട്ടിലേതെന്നും വിജയ് വിമർശിച്ചു. സർക്കാരിന്റെ അവസാന സമയമായപ്പോഴേക്കും കണ്ണിൽ പൊടിയിടാനായിട്ടാണ് കേസ് സിബിഐയ്ക്ക് കൈമാറിയതെന്ന് വിജയ് പറഞ്ഞു. ഇപ്പോൾ സിബിഐ ആർഎസ്എസിന്റെയും ബിജെപിയുടെയും കൈയിലല്ലേയെന്ന് വിജയ് ചോദിച്ചു.
പൊലീസ് കസ്റ്റഡിയിൽ ഇരിക്കേ മരിച്ചവരുടെ ബന്ധുക്കളും വേദിയിലുണ്ടായിരുന്നു. കർശന ഉപാധികളോടെയാണ് പ്രതിഷേധത്തിന് പൊലീസ് അനുമതി നൽകിയത്. കറുത്ത വസ്ത്രം ധരിച്ച് പ്ലക്കാർഡുമേന്തിയാണ് വിജയ് പ്രതിഷേധത്തിന് എത്തിയത്.
തമിഴക വെട്രി കഴകം(ടിവികെ) രൂപീകരിച്ച ശേഷമുള്ള ആദ്യ പ്രതിഷേധ പരിപാടിയിൽ വൻ പങ്കാളിത്തമാണുണ്ടായത്. 2026ലെ പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജനകീയ വിഷയങ്ങളിൽ ഊന്നൽ നൽകിയുള്ള പ്രക്ഷോഭാ പരിപാടികൾക്കാണ് തമിഴക വെട്രി കഴകം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് തമിഴ്നാട്ടിലെ കസ്റ്റഡി മരണങ്ങളിൽ ചെന്നൈയിൽ തമിഴക വെട്രിക് കഴകത്തിന്റെ പ്രതിഷേധം നടന്നത്.