പരീക്ഷക്കിടെ കോപ്പിയടിച്ചെന്നാരോപിച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ വിദ്യാർത്ഥിയെ തല്ലി. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലാണ് സംഭവം. ഭിണ്ഡ് ജില്ലാ മജിസ്ട്രേറ്റ് സഞ്ജീവ് ശ്രീവാസ്തവയാണ് ദീൻദയാൽ ദംഗ്രൗലിയ മഹാവിദ്യാലയത്തിലെ ബിഎസ്‌സി രണ്ടാം വർഷ ഗണിത വിദ്യാർഥിയായ രോഹിത് റാത്തോഡിനെ തല്ലിയത്. ഉദ്യോഗസ്ഥൻ ഒരു കടലാസുമായി വിദ്യാർഥിയുമായി തർക്കിക്കുന്നതും ബെഞ്ചിൽ നിന്ന് വലിച്ചിറക്കി ആവർത്തിച്ച് അടിക്കുന്നതും ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്.
അടിയിൽ തന്റെ ചെവിക്ക് പരിക്കേറ്റു എന്ന് വിദ്യാർത്ഥി പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹം ഒരു ഐഎഎസ് ഉദ്യോഗസ്ഥനായതിനാൽ എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ലെന്ന് രോഹിത് പറഞ്ഞു. എന്നാൽ കോളജിൽ കൂട്ട കോപ്പിയടി നടന്നതായി പരാതികൾ ലഭിച്ചതിനെ തുടർന്ന് അത് അന്വേഷിക്കുന്നതിന് വേണ്ടിയാണ് താൻ അവിടെ പോയതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു.