കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി പൊലീസ് വിദ്യാർത്ഥി സംഘടനകൾക്ക് കത്തയച്ചു. ഹൈക്കോടതിയുടെ നേരത്തെയുള്ള ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് പൊലീസ് വിദ്യാർത്ഥി സംഘടനകൾക്ക് കത്തയച്ചത്.
സർവ്വകലാശാല കെട്ടിടങ്ങൾ, പരീക്ഷാഭവൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് എന്നിവയുടെ ഇരുനൂറ് മീറ്റർ ചുറ്റളവിൽ പ്രകടനങ്ങളോ ധർണ്ണയോ സമരമോ പാടില്ല എന്നാണ് കത്തിൽ വ്യക്തമാക്കുന്നത്.
കുറച്ചു ദിവസങ്ങളായി കാലിക്കറ്റ് സർവകലാശാല സമരത്തിന് വേദിയായി മാറിയിട്ടുണ്ടായിരുന്നു. പ്രത്യേകിച്ച് വിദ്യാർത്ഥി സംഘടനകൾ നടത്തുന്ന സമരത്തിൽ കൂടുതൽ സംഘർഷാവസ്ഥയിലേക്ക് മാറുന്ന സാഹചര്യവും ഉണ്ടായിരുന്നു.
ഈ സാഹചര്യത്തിലാണ് തേഞ്ഞിപ്പാലം എസ്എച്ച്ഒ വിദ്യാർത്ഥി സംഘടനകൾക്ക് കത്ത് നൽകിയിരിക്കുന്നത്. നിയമം ലംഘിച്ചുകൊണ്ട് എന്തെങ്കിലും തരത്തിലുള്ള സമരം നടത്തുകയാണെങ്കിൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും കത്തിൽ പൊലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്.