പാദപൂജയെ ന്യായീകരിച്ച ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളെക്കൊണ്ട് കാല് കഴുകിപ്പിക്കുന്നത് പോലുള്ള സംസ്‌കാരം എന്തായാലും കേരളത്തിനില്ല. ഇത് ഇന്ത്യൻ സംസ്‌കാരത്തിനും യോജിച്ച ഒന്നല്ല എന്ന് തന്നെയാണ് ഞങ്ങളുടെയൊക്കെ അഭിപ്രായം. ഗവർണറുടെ വാക്കുകളിലൂടെ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് ആർഎസ്‌എസിന്റെ അജണ്ടയാണ്. കേരളത്തിൽ പഠിക്കുന്ന ഒരു വിദ്യാർഥിയെക്കൊണ്ടും അധ്യാപകന്റെയൊ മറ്റാരുടേയോ കാല് കഴുകിപ്പിക്കുന്നതിനുള്ള ഒരവസരം ഉണ്ടാക്കില്ല. ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നുള്ള നിർദേശം ബന്ധപ്പെട്ട സ്‌കൂൾ അധികൃതർക്ക് നൽകാൻ പോവുകയാണെന്ന് വി ശിവൻകുട്ടി പറഞ്ഞു.
ഗവർണറെ പോലുള്ള ഒരാളുടെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നത് ദു:ഖകരമാണ്. നമ്മുടെ കൊച്ചു മക്കളെക്കൊണ്ടാണ് കാല് കഴുകിപ്പിച്ചിരിക്കുന്നത്. ഭാരതീയ സംസ്‌കാരത്തിൽ അതേക്കുറിച്ച് എവിടെയാണ് പറയുന്നത് എന്ന് എനിക്കറിയില്ല. ഭാരതീയ സംസ്‌കാരത്തെക്കുറിച്ചുള്ള ഒരുപാട് ഗ്രന്ഥങ്ങളുണ്ട്. ഇവയിൽ എവിടെയെങ്കിലും പറയുന്നുണ്ടോ സ്‌കൂൾ കുട്ടികളെക്കൊണ്ട് ബിജെപി നേതാക്കൻമാരുടെ കാല് കഴുകിപ്പിക്കാൻ. ആധുനിക കേരളത്തിൽ നടക്കാൻ പാടില്ലാത്ത സംഭവമാണ് ഉണ്ടായിട്ടുള്ളത്. അതുകൊണ്ടു തന്നെ ഇക്കാര്യം പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അന്വേഷിക്കുകയാണ്. വിദ്യാഭ്യാസ അവകാശനിയമത്തിന്റെ വകുപ്പ് പതിനേഴ് ഒന്ന് പ്രകാരം ഇത്തരം നടപടികൾ മെന്റൽ ഹരാസ്‌മെന്റിന്റെ പരിധിയിൽ പെടും. സർവ്വീസ് റൂൾ പ്രകാരം ഇത്തരം കാര്യങ്ങൾ ചെയ്യിക്കുന്നവർ ശിക്ഷാ നടപടികളെ നേരിടേണ്ടി വരുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.