പിണറായി സര്‍ക്കാര്‍ അഴിമതി സര്‍ക്കാരാണെന്ന് പ്രസംഗിക്കുന്ന കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും അത് ബിജെപി-സിപിഎം ഡീലിന്റെ ഭാഗമാണെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ബിജെപിയുമായി അവിശുദ്ധബന്ധം പുലര്‍ത്തുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. മുഖ്യമന്ത്രിയും സര്‍ക്കാരും നടത്തിയ അഴിമതികള്‍ അക്കമിട്ട് പ്രസംഗിച്ച അമിത് ഷാ കേന്ദ്ര ഏജന്‍സികളുടെ പരിധിയിലുള്ള അന്വേഷണത്തിന്റെ പുരോഗതി എന്തെന്ന് വിശദീകരിക്കണം. ഡോളര്‍ക്കടത്ത്, സ്വര്‍ണ്ണക്കടത്ത്, എക്‌സാലോജിക്, ലൈഫ് മിഷന്‍ ഉള്‍പ്പെടെ തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം ഏതാണ്ട് നിലച്ചു. ഈ അന്വേഷണം സ്വിച്ച് ഓഫ് ചെയ്തത് ആരാണ്? അതിന് നിര്‍ദ്ദേശം നല്‍കിയ വ്യക്തിയല്ലെ അമിത് ഷാ. എന്നിട്ട് ജനങ്ങളെ കബളിപ്പിക്കാന്‍ രാഷ്ട്രീയ പ്രസംഗം നടത്തി തടിത്തപ്പുകയാണ് അദ്ദേഹം.
ആര്‍എസ്എസിനേയും ബിജെപിയേയും ഒരിക്കല്‍ പോലും വേദനിപ്പിക്കാത്ത പിണറായി വിജയനെ അധികാരത്തില്‍ നിലനിര്‍ത്തേണ്ടത് അമിത് ഷായുടെയും ബിജെപിയുടെയും ആവശ്യമാണ്. അന്ധമായ കോണ്‍ഗ്രസ് വിരോധമാണ് അതിന് പിന്നിലെ ഇന്ധനം. അമിത് ഷായുടെ അന്വേഷണ ഏജന്‍സികള്‍ ബിജെപി ഇതര നേതാക്കളെ ഇല്ലാത്ത കേസിന്റെ പേരില്‍ വേട്ടയാടുമ്പോഴാണ് നിരവധി അഴിമതികളില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി പിണറായി വിജയന് പൂര്‍ണ്ണ സംരക്ഷണം നല്‍കുന്നത്. പറഞ്ഞതില്‍ എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അമിത് ഷാ നടപടിയെടുക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു.