മുംബൈ: വില്ലൻ വേഷങ്ങളിലൂടെയും സഹതാരമായിട്ടും അഭിനയ രംഗത്തുവന്ന് പ്രേക്ഷക പ്രീതി നേടിയ താരമാണ് ബോളിവുഡ് നടൻ ജയ്ദീപ് അഹ്‌ലാവത്. ഇപ്പോഴിതാ താരം ഒരു അഭിമുഖത്തിൽ തന്റെ കുട്ടിക്കാലത്തെ ഭക്ഷണശീലങ്ങളെക്കുറിച്ചും ഭക്ഷണം കഴിച്ചിട്ടും ശരീരഭാരം എങ്ങനെ നിലനിർത്തി എന്നതിനെ പറ്റിയും അദ്ദേഹം സംസാരിച്ചു.
ഹരിയാനയിലെ ഗ്രാമത്തിൽ വളർന്നുവന്ന സാഹചര്യം കാരണം പരമ്പരാഗത ഭക്ഷണശീലങ്ങളാണ് തനിക്കുള്ളതെന്ന് അദ്ദേഹം പറയുന്നു. നല്ല വിശപ്പുണ്ടായിരുന്ന കുട്ടിക്കാലത്ത് ശാരീരികമായി അധ്വാനിക്കുന്ന ദിനചര്യ ഉണ്ടായിരുന്നെന്നും അദ്ദേഹം പറയുന്നു.
അക്കാലത്ത് ഒരു ദിവസം കുറഞ്ഞത് 40 റൊട്ടികളെങ്കിലും കഴിക്കുമായിരുന്നു. പരമ്പരാഗത ഉച്ചഭക്ഷണങ്ങൾ ഒഴിവാക്കി സീസണൽ വിളകൾ കഴിക്കാൻനേരെ ഫാമുകളിലേക്ക് പോകും. കരിമ്പ്, കാരറ്റ്, പേരക്ക, അല്ലെങ്കിൽ സീസണിലെ ഏത് വിളവും കഴിക്കുമായിരുന്നു. ഭക്ഷണം കഴിക്കുകയും അതെല്ലാം ശാരീരിക അധ്വാനത്തിലൂടെ കത്തിക്കുകയും ചെയ്തിരുന്നു. അതിനാൽ തടി കൂടിയില്ല. എനിക്ക് നല്ല ഉയരമുണ്ടെങ്കിലും 2008 വരെ എന്റെ ഭാരം ഒരിക്കലും 70 കിലോ കടന്നിരുന്നില്ല.
ചനേ, ബജ്‌റെ കി റൊട്ടി, അല്ലെങ്കിൽ മിസ്സി റൊട്ടി എന്നിവ അടങ്ങിയ സമൃദ്ധമായ ഭക്ഷണമാണ് രാവിലെ കഴിച്ചിരുന്നത്. ലസ്സി, വീട്ടിൽ തന്നെ ഉണ്ടാക്കുന്ന വെണ്ണ, ചട്ണി എന്നിവയും വിളമ്പും. ഉച്ചഭക്ഷണം ഉണ്ടാകും, പക്ഷേ വിശക്കുന്നുവർ മാത്രം അതെടുത്ത് കഴിക്കും. പിന്നെ അത്താഴമാണ് കഴിക്കുക. പാൽ ദിവസവും ഭക്ഷണത്തിന്‍റെ ഭാഗമായിരുന്നു. ദിവസം കുറഞ്ഞത് മൂന്ന് തവണയെങ്കിലും അര ലിറ്റർ പാൽ കുടിക്കും.
ഒരു പതിറ്റാണ്ടിലേറെയായി മുംബൈയിലാണ് താമസമെങ്കിലും വീട്ടിൽ പാകം ചെയ്ത ലളിതമായ ഭക്ഷണത്തോടാണ് ഇപ്പോഴും ഇഷ്ടമെന്നും നടൻ പറയുന്നു. പാർട്ടികൾക്ക് പുറത്ത് പോയാലും ഞാൻ വീട്ടിൽ തിരിച്ചെത്തി വീട്ടിൽ പാകം ചെയ്ത ഭക്ഷണമാണ് കഴിക്കാറ്. മധുരം, സോഡ ഉത്പന്നങ്ങളോട് ഇപ്പോൾ താൽപര്യമില്ല. -അദ്ദേഹം പറയുന്നു.