പലരെയും ഇന്ന് കിടപ്പിലാക്കുന്ന രോഗാവസ്ഥയാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. പ്രായഭേദമെന്യെ കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഇന്ന് ഈ രോഗാവസ്ഥയുണ്ട്. 2050 ഓടെ പക്ഷാഘാതം മൂലമുണ്ടാകുന്ന മരണം പ്രതിവർഷം 10 ദശലക്ഷമായും ഉയരാമെന്നാണ് പഠനനങ്ങൾ പറയുന്നത്. പക്ഷാഘാതം 84 ശതമാനം വരെ അപകടസാധ്യത ഉയർത്തുന്നതിൽ ജീവിതശൈലി ഘടകങ്ങൾക്ക് വലിയ പങ്കുണ്ട്.
പക്ഷാഘാത സാധ്യത വര്‍ധിപ്പിക്കുന്ന നാല് വൈകുന്നേര ശീലങ്ങള്‍ പരിശോധിക്കാം.
രാത്രി ഭക്ഷണം കഴിക്കുന്നത് ശരീരത്തിന്റെ സർക്കാഡിയൻ താളത്തെ തടസപ്പെടുത്തുകയും രക്തസമ്മർദത്തെയും മെറ്റബോളിസത്തെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ഇത് പക്ഷാഘാതം ഉൾപ്പെടുയുള്ള ആരോഗ്യ സങ്കീർണതകളിലേക്ക് നയിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. രാത്രി 9 മണിക്ക് ശേഷം അത്താഴം കഴിക്കുന്നത് ഉയർന്ന പക്ഷാഘാത സാധ്യതയുമായി ബന്ധപ്പിട്ടിരിക്കുന്നുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അതുപോലെ പ്രഭാതഭക്ഷണം കഴിക്കുന്നതും വൈകിപ്പിക്കാൻ പാടില്ല. രാവിലെയും രാത്രിയും നേരത്തെ ഭക്ഷണം കഴിക്കുന്ന ശീലം ശരീരത്തിന്റെ സ്വാഭാവിക താളങ്ങളെ പിന്തുണയ്ക്കുകയും പക്ഷാഘാതം പോലുള്ള ആരോഗ്യപ്രശ്നങ്ങൾ തടയാൻ സഹായിക്കുകയും ചെയ്യും.
ഭക്ഷണം കഴിച്ച ശേഷം നേരെ സോഫയിലേക്ക് അല്ലെങ്കിൽ കട്ടിലിലേക്ക് ചായുന്ന ശീലമുണ്ടോ? ഈ ശീലം നിരവധി ആരോഗ്യ സങ്കീർണതകൾക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അത്താഴത്തിന് ശേഷം കുറഞ്ഞത് 20 മിനിറ്റ് നടക്കാൻ ശ്രമിക്കുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം ഒപ്റ്റിമൈസ് ചെയ്യാനും ദഹനത്തെ മെച്ചപ്പെടുത്താനും സഹായിക്കും. ഇത് പ്രീ ഡയബറ്റിസ്, പ്രമേഹം, ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും. കൂടാതെ ഒരു മെറ്റാ അനാലിസിസ് പ്രകാരം, നടത്ത വേഗത മണിക്കൂറിൽ ഓരോ 0.66 മൈൽ കൂടുമ്പോഴും പക്ഷാഘാത സാധ്യത 13 ശതമാനം കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്.
വൈകുന്നേരം ഒന്നോ രണ്ടോ പഗ് മദ്യം കുടിക്കുന്നതിൽ വലിയ ആരോഗ്യപ്രശ്നമില്ലെന്ന് തോന്നുമെങ്കിൽ നിങ്ങൾ അറിയാതെ തന്നെ പക്ഷാഘാത സാധ്യതയ്ക്കുള്ള വേദിയൊരുക്കുകയാണ്. മദ്യം വീക്കം വർധിപ്പിക്കുകയും കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. മിതമായ മദ്യപാനം പോലും അപകടസാധ്യത വർധിപ്പിക്കുന്നു.
ഉറക്കമിളച്ചിരുന്ന് രാത്രി ഫോൺ സ്ക്രോൾ ചെയ്യുന്നതും സീരിസ് കണുന്നതുമൊക്കെ ആരോഗ്യ പ്രശ്നങ്ങൾ വിളിച്ചുവരുത്തുന്നതാണ്. ഉറക്കമാണ് ആയുർദൈർഘ്യത്തിന്റെ അടിസ്ഥാമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഉറക്കമില്ലായ്മ പക്ഷാഘാത സാധ്യത വർധിപ്പിക്കുന്നു. മെറ്റാ അനാലിസിസിൽ, രാത്രിയിൽ അഞ്ച് മണിക്കൂറോ അതിൽ കുറവോ ഉറങ്ങുന്ന ആളുകൾക്ക് പക്ഷാഘാതം ഉണ്ടാകാനുള്ള സാധ്യത 33 ശതമാനം കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. വാരാന്ത്യങ്ങളിൽ പോലും സ്ഥിരമായ ഉറക്ക സമയവും ഉണരൽ സമയവും നിലനിർത്തുന്നത് സഹായകരമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
content highlight: Stroke