യൂത്ത് കോൺഗ്രസിനെതിരായ വിമർശനങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ. തന്റെ വിമർശനം സദുദ്ദേശപരമായാണെന്ന് പി ജെ കുര്യൻ പറഞ്ഞു. ബഹുഭൂരിപക്ഷം സ്ഥലങ്ങളിലും യൂത്ത് കോൺഗ്രസിന്റെ മണ്ഡലം കമ്മിറ്റികൾ ഇല്ലെന്നും സമരത്തിൽ മാത്രം കേന്ദ്രീകരിക്കാതെ യുവാക്കൾ പഞ്ചായത്തിലെങ്കിലും കേന്ദ്രീകരിക്കണം എന്നാണ് പറഞ്ഞതെന്നും പി ജെ കുര്യൻ പറഞ്ഞു.
പാർട്ടിക്കുവേണ്ടി പറഞ്ഞതിൽ എന്താണ് ദോഷമെന്നത് അറിയില്ലെന്നും ടിവിക്കും സോഷ്യൽ മീഡിയയ്ക്കും പുറത്ത് 40 ശതമാനം ആളുകൾ ഈ സംസ്ഥാനത്തുണ്ടെന്നും പി ജെ കുര്യൻ പറഞ്ഞു. എസ്എഫ്ഐയുടെ സമരം എല്ലാവരും കണ്ടതാണല്ലോ അത് ഞാൻ പറഞ്ഞാൽ എന്താണ് പ്രശ്നം. ദുരുദ്ദേശപരമായി ഒന്നുമില്ല, ആരെയും വിമർശിച്ചിട്ടില്ല. പാർട്ടിയുടെ കാര്യം നോക്കി എനിക്ക് ഉത്തമ ബോധ്യമുള്ള കാര്യമാണ് പറഞ്ഞത്. ഇപ്പോഴും എന്റെ അഭിപ്രായം അതാണ്. പാർട്ടി ഫോറങ്ങളിൽ അവസരം ലഭിച്ചാൽ ഇനിയും പറയുമെന്നും പി ജെ കുര്യൻ പറഞ്ഞു.
ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാലത്ത് ഓരോ മണ്ഡലങ്ങളിലും 50 യൂത്ത് കോൺഗ്രസുകാരാണ്. ഇന്ന് അത് ഇല്ലാതായി. ആരെയും ഞാൻ കുറ്റപ്പെടുത്തിയിട്ടില്ല. കമ്മറ്റി ഉണ്ടാക്കേണ്ടത് യൂത്ത് കോൺഗ്രസിന്റെ ഉത്തരവാദിത്തം. കമ്മിറ്റി ഉണ്ടാക്കാൻ വന്നാൽ ഞാൻ സഹായിക്കും. സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ ശ്രദ്ധിക്കാറില്ല. വിമർശനമുന്നയിച്ചത് സംസ്ഥാന വ്യാപകമായിട്ടാണെന്ന് പി ജെ കുര്യൻ പറഞ്ഞു.
കോൺഗ്രസുകാരന് യോജിച്ച നിലപാടല്ല ശശി തരൂരിന്റേതെന്നും അദ്ദേഹത്തെ പുകച്ച് അപ്പുറത്താക്കാതെ പ്രശ്നങ്ങൾ സംസാരിച്ച് അവസാനിപ്പിക്കണമെന്നും പി ജെ കുര്യൻ പറഞ്ഞു. സർവകലാശാല വിഷയത്തിൽ ഇന്ന് പോരടിക്കുന്ന സർക്കാരും ഗവർണറും നാളെ ഒന്നിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി ജെ കുര്യന്റെ വിമർശനങ്ങളെ പിന്തുണച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. കുര്യൻ പറഞ്ഞത് സദുദ്ദേശ്യത്തോടെയാണെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു. ആളില്ലാത്ത മണ്ഡലങ്ങളിൽ യൂത്ത് കോൺഗ്രസ് ആളെക്കൂട്ടണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
















