Kerala

കോളേജ് വിദ്യാര്‍ത്ഥിനിയെ ബ്ലാക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമം; യുവാക്കൾ പിടിയിൽ

കോളേജ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച മൂന്ന് യുവാക്കൾ കൊണ്ടോട്ടി പൊലീസിന്റെ പിടിയിൽ. കൊട്ടപ്പുറം പുത്തൻവീട്ടിൽ മുഹമ്മദ് തസ്‌രിഫ് (21), കൊട്ടപ്പുറം തയ്യിൽ മുഹമ്മദ് നിദാൽ (21), പുളിക്കൽ ചോലക്കാതൊടി മുഹമ്മദ് ഷിഫിൻ ഷാൻ (22) എന്നിവരാണ് പിടിയിലായത്.

വിദ്യാർത്ഥിനിയുടെ മുഖം മോർഫുചെയ്ത് നഗ്നദൃശ്യങ്ങളുണ്ടാക്കി വ്യാജ ഇൻസ്റ്റഗ്രാമിലൂടെ വിദ്യാർത്ഥിനിക്ക് അയച്ചുകൊടുത്ത് അഞ്ച്‌ ലക്ഷം ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.

സ്കൂൾ പഠനകാലത്ത് പെൺകുട്ടിയുടെ സീനിയർ വിദ്യാർഥിയായിരുന്ന മുഹമ്മദ്‌ തസ്‌രീഫ് വ്യാജ ഇൻസ്റ്റഗ്രാമുണ്ടാക്കി അതിലൂടെ പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം പേജിൽ സന്ദേശങ്ങൾ അയച്ചു. വീഡിയോ ദൃശ്യങ്ങൾ അയച്ചും ഭീഷണിപ്പെടുത്തി.

പെൺകുട്ടി കൊണ്ടോട്ടി പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ്‌ അന്വേഷണം തുടങ്ങിയത്‌. പെൺകുട്ടി ആഭരണങ്ങൾ കൈമാറാൻ പോകുന്നതിനിടെ പിന്തുടർന്ന പൊലീസ് തസ്രിഫിനെ പിടികൂടി. ഇയാളുടെ ഫോൺ പരിശോധിച്ച് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടും പെൺകുട്ടിയുടെ മോർഫുചെയ്ത ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.

ചോദ്യംചെയ്തപ്പോൾ കൂട്ടുപ്രതികളുടെ പങ്ക് വ്യക്തമായി. തുടർന്ന് രണ്ടുപേരെക്കൂടി കസ്റ്റഡിയിലെടുത്തു. പ്രതികളെ മലപ്പുറം കോടതിയിൽ ഹാജരാക്കി മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്തു.