നിങ്ങളുടെ കൈത്തണ്ടയിൽ കെട്ടുന്ന സ്മാർട്ട് വാച്ച് ഇനി ഫിറ്റ്നസ് ട്രാക്ക് മാത്രമല്ല ചെയ്യുക, നിങ്ങൾ ഗർഭിണിയാണോ അല്ലയോ എന്ന് പോലും അറിയാൻ സാധിക്കും എങ്ങനെയെന്നല്ലേ ? ആപ്പിൾ പിന്തുണയുള്ള എ.ഐ മോഡൽ വഴിയാണ് ഇത് സാധ്യമാവുകയെന്ന് പഠനം പറയുന്നു. ആപ്പിളിന്റെ വരാനിരിക്കുന്ന സ്മാർട്ട് വാച്ചുകളിൽ ഈ സവിശേഷത കാണാൻ കഴിഞ്ഞേക്കും.
ആപ്പിൾ വാച്ച് ശേഖരിക്കുന്ന ആരോഗ്യ സംബന്ധമായ വിവരങ്ങൾ അനേകമാണ്. ഇങ്ങനെ ശേഖരിക്കുന്ന ഡേറ്റ ഉപയോഗിച്ച് ഇനിയുമെന്തെല്ലാം സേവനങ്ങൾ നൽകാനാവുമെന്ന ഗവേഷണത്തിലാണ് കമ്പനിയുടെ ഗവേഷകർ. ഗർഭധാരണ പരിശോധന 92 ശതമാനം കൃത്യതയോടെ നിർണയിക്കാവുന്ന പുതിയ ഫീച്ചർ എ.ഐ അധിഷ്ഠിത ആപ്പിൾ വാച്ചിൽ ഉടൻ ഉൾപ്പെടുത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി.
വിയറബ്ൾ ബിഹേവിയർ മോഡൽ (ഡബ്ല്യൂ.ബി.എം) എന്ന മെഷീൻ ലേണിങ് മോഡലാണ് ഇതിനെ പിന്തുണക്കുക. സെൻസർ ഡേറ്റയെ ആസ്പദമാക്കിയുള്ള പരമ്പരാഗത ആരോഗ്യവിവരങ്ങളായ ഹൃദയമിടിപ്പ്, ഓക്സിജൻ ലെവൽ തുടങ്ങിയവക്ക് പകരം ദീർഘകാല സ്വഭാവ പാറ്റേണുകൾ നിരീക്ഷിച്ച് ഉത്തരം കണ്ടെത്താൻ പരിശീലനം ലഭിച്ച മോഡലാണ് ഡബ്ല്യൂ.ബി.എം. ആക്റ്റിവിറ്റി ലെവൽ, ഉറക്കത്തിന്റെ നിലവാരം, ചലനം, ഹാർട്ട് റേറ്റ് വേരിയബിലിറ്റി, ഒപ്പം നിലവിലെ പല ആരോഗ്യ വിവരങ്ങളും ഈ മോഡൽ വിശകലനം ചെയ്യും.