Celebrities

ഇളയരാജയ്ക്ക് തിരിച്ചടി; ‘ശിവരാത്രി’ ഗാനം സിനിമയില്‍ ഉപയോഗിച്ചത് തടയാനാകില്ലെന്ന് കോടതി – ilayaraja copyright case

‘മിസ്റ്റര്‍ ആന്‍ഡ് മിസിസ്’ എന്ന സിനിമയില്‍ ‘മൈക്കല്‍ മദന കാമരാജന്‍’ എന്ന കമല്‍ഹാസന്‍ ചിത്രത്തിനുവേണ്ടി ഒരുക്കിയ ‘ശിവരാത്രി’ ഗാനം ഉപയോഗിക്കുന്നത് വിലക്കണമെന്ന ഇളയരാജയുടെ ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി. നിലവിലെ സാഹചര്യത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

സാധാരണ നിലയില്‍ സിനിമകളുടെ പകര്‍പ്പവകാശം നിര്‍മാതാവിനായതിനാല്‍, ഇളയരാജയുടെ ഹര്‍ജിയില്‍ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട എല്ലാരേഖകളും പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. ചിത്രം നിര്‍മിച്ച വനിത ഫിലിം പ്രൊഡക്ഷന്‍ ഹൗസിന് നോട്ടീസ് നല്‍കാന്‍ കോടതി ഉത്തരവിട്ടു. ഹര്‍ജിയില്‍ ഒരാഴ്ചയ്ക്കകം എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ശിവരാത്രി എന്ന ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്നായിരുന്നു ഇളയരാജയുടെ പരാതി. പകര്‍പ്പവകാശ നിയമ പ്രകാരം തന്റെ അനുമതി വാങ്ങിയ ശേഷമേ സിനിമയില്‍ ഗാനം ഉപയോഗിക്കാവൂവെന്നും അങ്ങനെ ചെയ്യാത്തതിനാല്‍ ഗാനം മിസിസ് ആൻഡ് മിസ്റ്റര്‍ എന്ന ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യണമെന്നുമായിരുന്നു ഇളയരാജ ആവശ്യപ്പെട്ടിരുന്നത്. സമ്മതമില്ലാതെ തന്റെ ​ഗാനങ്ങൾ മറ്റ് സിനിമകളിൽ ഉപയോ​ഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇതിന് മുൻപും ഇളയരാജ നോട്ടീസ് അയച്ചിട്ടുണ്ട്.

STORY HIGHLIGHT: ilayaraja copyright case