ന്യൂഡൽഹി: മുൻ ഇന്ത്യൻ ബാഡ്മിന്റൺ താരവും ഒളിംപിക് മെഡൽ ജേതാവുമായ സൈന നെഹ്‌വാളും ഭര്‍ത്താവ് പി. കശ്യപും വേര്‍പിരിഞ്ഞു. വിവരം സൈന തന്നെയാണ് തന്റെ സോഷ്യൽ മീഡിയ വഴി പ്രഖ്യാപിച്ചത്. അതെസമയം ഭർത്താവ് പി. കശ്യപ് സുഹൃത്തുക്കൾക്കൊപ്പം നെതർലൻഡ്സിൽ ആയിരുന്നു. ഏഴ് വർഷത്തെ ദാമ്പത്യബന്ധത്തിനാണ് ഒടുവിൽ അവസാനമാകുന്നത്.
സൈന നെഹ്‌വാൾ വിവാഹമോചന വാർത്ത പരസ്യമാക്കുന്നതിന് ആറു മണിക്കൂർ മുൻപാണ് കശ്യപ് സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം, വിവാഹമോചനവുമായി ബന്ധപ്പെട്ട് ബാഡ്മിന്റൻ താരം കൂടിയായ കശ്യപ് ഇതുവരെ പ്രതികരിച്ചിട്ടില്ല. നെതർലൻഡ്സിലെ ഹിൽവാരൻബീക്കിൽ ജൂലൈ 11 മുതൽ 13 വരെ നടക്കുന്ന അവേക്കനിങ്സ് ഫെസ്റ്റിവലിൽ നിന്നുള്ള ചിത്രമാണ് കശ്യപ് പങ്കുവച്ചിരിക്കുന്നത്. സ്ത്രീ സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവർക്കൊപ്പമുള്ള ആഘോഷ ചിത്രമാണിത്.
2018 ഡിസംബറിലാണ് കശ്യപും സൈനയും വിവാഹിതരായത്. പത്തു വർഷത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം. 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ സൈന 2010, 2018 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിൽ സ്വർണ മെഡല്‍ ജേതാവായിരുന്നു. ഒളിംപിക്സ് ക്വാർട്ടറിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ ബാഡ്മിന്റൻ താരമാണ് പി.കശ്യപ്. 2012ൽ കശ്യപിനെ കേന്ദ്രസർക്കാർ അർജുന പുരസ്കാരം നൽകി ആദരിച്ചു. 2014 ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ പുരുഷ സിംഗിൾസിൽ കശ്യപ് സ്വർണം നേടിയിരുന്നു.
‘‘ജീവിതം ചിലപ്പോഴൊക്കെ നമ്മളെ വ്യത്യസ്ത ദിക്കുകളിലേക്ക് കൊണ്ടുപോകും. ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞാനും കശ്യപും രണ്ടു വഴിക്ക് പിരിയാം എന്ന തീരുമാനമെടുത്തു. ഞങ്ങൾ ഞങ്ങൾക്കുവേണ്ടിയും പരസ്പര സമാധാനത്തിനും ഉയർച്ചയ്ക്കും വേണ്ടി ഈ വഴി തിരഞ്ഞെടുക്കുന്നു. ഇതുവരെ നൽകിയ മികച്ച ഓർമകൾക്ക് നന്ദി.അതോടൊപ്പം മുന്നോട്ടുള്ള ജീവിതത്തിന് എല്ലാ ആശംസകളും നേരുന്നു. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചതിനും മനസ്സിലാക്കിയതിനും നിങ്ങൾക്കും നന്ദി.’’– വിവാഹമോചന വാർത്ത പരസ്യമാക്കി സൈന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.