കേരളത്തിന്‍റെ പരമ്പരാഗത ചികിത്സ രീതികളിൽ വളരെ പ്രധാനപ്പെട്ടതാണ് കർക്കടക ചികിത്സ. മഴ പെയ്‌ത് പ്രകൃതിയും മനസും തണുക്കുമ്പോൾ ചെയ്യേണ്ട ചികിത്സയ്‌ക്ക് മൺസൂൺ ചികിത്സ എന്നും പേരുണ്ട്. ശരീരത്തിലെ വിഷാംശം നീക്കി പ്രതിരോധശേഷി വർധിപ്പിക്കുക എന്നതാണ് ഈ ചികിത്സയുടെ ആകത്തുക.
ഇതിലൂടെ വാത, പിത്ത, കഫ ദോഷങ്ങൾ നീക്കി സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കപ്പെടുന്നു. വലിയ അസുഖങ്ങൾ മാറ്റുന്നതല്ല ഈ ചികിത്സ, എന്നാൽ അത് കുറക്കാനും അതിലൂടെ ശരീരത്തിനും മനസിനും തുടർ ഉന്മേഷം നൽകുന്നതുമാണ് കർക്കടക ചികിത്സ.തിരക്കു പിടിച്ച ജീവിതത്തില്‍ സ്വന്തം ആരോഗ്യത്തിനു വേണ്ടി നീക്കി വെക്കേണ്ട മാസമാണെന്നാണ് കര്‍ക്കിടകത്തെ പൂര്‍വികര്‍ വിശേഷിപ്പിക്കുന്നത്. ആയുര്‍വേദത്തില്‍ കര്‍ക്കിടക ചികിത്സയ്ക്ക് വലിയ പ്രാധാന്യമാണ് നൽകുന്നത്.
തുടക്കം ഉഴിച്ചിൽ: ഇന്നത്തെ ജീവിത രീതിയിൽ തന്നെ വലിയ തരത്തിലുള്ള മാറ്റങ്ങളാണ് വന്നിരിക്കുന്നത്. ശരീരം നന്നായി ഇളകുന്ന വിയർക്കുന്ന തരത്തിലുള്ള ജോലികളിൽ നിന്ന് പലരും പിൻവാങ്ങുകയാണ്. ഇരുന്ന് കൊണ്ടുള്ള വ്യായാമം ലഭിക്കാത്ത തരത്തിലുള്ള ജോലികൾ വർധിച്ച് വരികയും ചെയ്യുന്നു. അതിന്‍റെ ഭാഗമായി പല തരത്തിലുള്ള അസുഖങ്ങളും ജീവിതത്തിന്‍റെ ഭാഗമാകുന്നു. ഇത് കണ്ടെത്താനാണ് പ്രധാനമായും ഉഴിച്ചിൽ നടത്തുന്നത്.
മസിലുകൾക്ക് ഇളക്കം വരുത്തി ഞരമ്പുകളിൽ അയവ് വരുമ്പോൾ ശരീരത്തിലെ വിഷമതകൾ എന്തൊക്കെയാണെന്ന് മനസിലാകും. പരിക്കുകളും കൃത്യമായി മനസിലാക്കാൻ കഴിയും. രോഗാവസ്ഥ മനസിലാക്കി അതിന് അനുസരിച്ചുള്ള എണ്ണകളാണ് ഉഴിച്ചിലിന് ഉപയോഗിക്കുക.
പിന്നാലെ സ്റ്റീം ബാത്ത്: യൂറിക് ആസിഡ് കൊളസ്ട്രോൾ തുടങ്ങിയവ വർധിക്കുന്നത് ഇന്ന് സർവസാധാരണമാണ്. ദിവസവും ഇതിന് ഗുളികകൾ കഴിക്കുന്നവരുടെ എണ്ണവും പെരുകി വരികയാണ്. താത്‌ക്കാലിക ആശ്വാസം ഉണ്ടാകുമെങ്കിലും അകത്ത് എത്തുന്ന മരുന്നുകൾ പല പാർശ്വഫലങ്ങളും ഉണ്ടാക്കുന്നു. എന്നാൽ പുറത്ത് ചെയ്യുന്ന സ്റ്റീം ബാത്ത് വളരെ അഭികാമ്യമായ ഒന്നാണ്.
പച്ചമരുന്നുകളും മരുന്നുപൊടികളും ചേർത്ത് ഒരു ചട്ടക്കൂടിനുള്ളിൽ ഇരുത്തി ശരീരത്തെ വിയർപ്പിക്കുന്നതാണ് ഈ രീതി. ഇതിലൂടെ ശരീരത്തിൽ അധികമുള്ള യൂറിക്കാസിഡ്, കൊളസ്ട്രോൾ എന്നിവ കുറയും. അത് മാത്രമല്ല വളരെ കാലം ശരീരത്തെ ഉന്മേഷത്തോടെ നിലനിർത്താനും കഴിയും.
ആദ്യകാലത്ത് മണ്ണിൽ കുഴിയെടുത്ത് അതിൽ ചിരട്ട കത്തിച്ച് ശുദ്ധി വരുത്തിയതിന് ശേഷം ചിരട്ട കനൽ മാറ്റി അതിനകത്ത് ആളെ നിർത്തി കഴുത്തിന് ചുറ്റും അടപ്പ് തീർത്തായിരുന്നു ഇത് ചെയ്‌തിരുന്നത്. ഇപ്പോൾ മരപ്പലകകൾ ഉപയോഗിച്ച് ഒരു ചട്ടക്കൂട് ഉണ്ടാക്കിയാണ് സ്റ്റീം ബാത്ത് നടത്തുന്നത്. ആര്യവേപ്പ് പോലുള്ള മരങ്ങൾ ഉപയോഗിച്ചുള്ള ചട്ടക്കൂടാകുമ്പോൾ അത് കൂടുതൽ ശരീരത്തിന് ഉത്തമമാകും എന്നാണ് ശാസ്ത്രം പറയുന്നത്. 15 മിനിറ്റ് കൊണ്ട് ശരീരം വിയർത്തൊഴുകും. ശേഷം ചൂടുവെള്ളത്തിൽ കുളിയും ആകുന്നതോടെ ഉന്മേഷം വീണ്ടെടുക്കാം.
കിഴി: കർക്കടക ചികിത്സയിലെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് കിഴി. ആർത്രൈറ്റിസ്, സ്പോണ്ടിലൈറ്റിസ്, നടുവേദന, കായിക പരിശീലനത്തിനിടെ ഉണ്ടാകുന്ന പരിക്കുകൾ എന്നിവയ്ക്കും പ്രത്യേകിച്ച് സന്ധി വേദനകൾക്കും ഇലക്കിഴി വളരെ ഫലപ്രദമാണ്. വേപ്പെണ്ണ, ആവണക്കെണ്ണ, ഇന്തുപ്പ്, നാരങ്ങ, തേങ്ങ, ശതകുപ്പ പൊടി, മഞ്ഞൾപ്പൊടി, കോലകുലത്ഥം ചൂർണം എന്നിവയാണ് സാധാരണ രീതിയിൽ ഒരു കിഴി തയാറാക്കാൻ വേണ്ടത്. കിഴിയിലും നിരവധി വ്യത്യസ്ഥതയുണ്ട്. ഇലക്കിഴി, പൊടികിഴി, മാംസകിഴി എന്നിങ്ങനെയാണത്.
കർക്കടക ചികിത്സയിൽ പ്രധാനം ഇലക്കിഴി ആണ്. ഇതിനായി ഏഴുതരം ഔഷധ ഇലകളും സംയോജിപ്പിക്കും. ശരീരത്തിന്‍റെയും അവസ്ഥകളുടേയും വ്യത്യാസങ്ങൾക്ക് അനുസരിച്ച് ഉപയോഗിക്കുന്ന മരുന്നിലും മാറ്റങ്ങൾ വരുത്തും. അസുഖത്തിന് അനുസരിച്ച് 5 മുതൽ 14 ദിവസം വരെയൊക്കെ കിഴിവയ്‌ക്കും.
നസ്യം: സൈനസൈറ്റിസിന്‍റെയും തലയിലെ ഞരമ്പുകൾക്കിടയിലേയും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുമാണ് നസ്യം ചെയ്യുന്നത്. പുതിയ കാലത്ത് സൈനസൈറ്റിസിന്‍റെയും മൂക്ക് മുതൽ തലയോട്ടി വരെയുള്ള ഭാഗങ്ങളിലെ കഫക്കെട്ട് ഇവയെല്ലാം കൂടുതലായി കണ്ടുവരുന്നുണ്ട്. ഇതിന് ഉത്തമ മാർഗമാണ് കർക്കടക ചികിത്സക്കൊപ്പമുള്ള നസ്യം.
ഇത് നാവനം എന്നും അറിയപ്പെടുന്നു. മൂക്കിൽ ഒഴിക്കുന്ന ഔഷധം ശിരസിന്‍റെ മധ്യഭാഗത്ത് എല്ലാ സ്രോതസുകളും വന്നു ചേരും. ശിരസിലാകമാനവും കണ്ണ്, ചെവി, നാക്ക്, കഴുത്ത് എന്നിവയുടെ സ്രോതസുകളുടെ ദ്വാരങ്ങളിലും വ്യാപിക്കും. രോഗകാരണമായ ദോഷങ്ങളെ ശിരസിൽ നിന്ന് വേർപ്പെടുത്തി വായിൽക്കൂടി പുറത്തേക്ക് കളയും.
മഴക്കാലം കഴിഞ്ഞുള്ള തണുപ്പ് കാലത്തും ഇത് ഗുണം ചെയ്യും. പലതരത്തിലുള്ള മരുന്നുകൾ ഉപയോഗിച്ച് നസ്യം ചെയ്യുന്നുണ്ടെങ്കിലും അണുതൈലം ഉപയോഗിച്ചുള്ള നസ്യമാണ് കഫക്കെട്ട് പരിഹരിക്കുന്നതിനും സൈനസൈറ്റിസ് ശുദ്ധമാക്കുന്നതിനും ഉപയോഗിക്കുന്നത്.
നവരക്കിഴി: വിത്ത് ഇടാൻ മണ്ണ് പാകപ്പെടുത്തുന്നത് പോലെ തന്നെയാണ് രോഗങ്ങൾ മാറ്റാൻ ആയുർവേദ ചികിത്സയിലൂടെ ശരീരത്തെയും പാകപ്പെടുത്തുന്നത്. ഉഴിച്ചിലും കഷായ കുളിയും കിഴിയും നസ്യവും ഉണ്ടെങ്കിലും ചില സന്ദർഭങ്ങളിൽ നവര കിഴിയും ഉപയോഗിക്കും. സന്ധിവേദന, എല്ലുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങൾ ഇതിനൊക്കെ പരിഹാരം നൽകുന്നതാണ് നവരക്കിഴി. നവരയരി പാലിൽ പുഴുങ്ങി കിഴികെട്ടി, ഔഷധക്കൂട്ടിൽ മുക്കി ശരീരത്തിൽ തടവും.
ഇത് പേശികൾക്ക് അയവ് നൽകാനും രക്തയോട്ടം കൂട്ടാനും സഹായിക്കുന്നു. നവരക്കിഴി വാതരോഗങ്ങൾ, പേശിവേദന, സന്ധി വേദന, ശരീര വേദന എന്നിവയ്ക്ക് ശമനം നൽകുന്നു. കൂടാതെ ശരീരത്തിന് പുഷ്‌ടിയും ബലവും നൽകും. മറ്റ് കിഴികളെക്കാൾ കുറച്ചുകൂടി ചെലവ് കൂടിയതാണ് നവരക്കിഴി.
വസ്‌തി: കർക്കടക ട്രീറ്റ്‌മെന്‍റിന്‍റെ ഭാഗമല്ലെങ്കിലും ചില ആളുകൾക്ക് വസ്‌തി കൂടി ഇതിനൊപ്പം ചെയ്യാറുണ്ട്. വാതസംബന്ധമായ അസുഖങ്ങൾക്കുള്ള പരിഹാരമായാണ് വസ്‌തി. സന്ധികളിലെ കഠിന വേദന ആമവാതം തുടങ്ങിയവക്കാണ് വസ്‌തി ചെയ്യുന്നത്. ആയുർവേദ പഞ്ചകർമ്മ ചികിത്സയുടെ ഒരു പ്രധാന ഘടകമായ വസ്‌തി, അടിസ്ഥാനപരമായി ഒരു ഔഷധ ചികിത്സയാണ്, വാത ദോഷത്തെ സന്തുലിതമാക്കുന്നതിൽ ഫലപ്രാപ്‌തിക്ക് ആയുർവേദത്തിൽ വസ്‌തി വളരെയധികം വിലമതിക്കപ്പെടുന്നു, കൂടാതെ ദഹന സംബന്ധമായ തകരാറുകൾ പരിഹരിക്കാനും ഉത്തമമാണ്.
കഞ്ഞിയും ധാന്യ മരുന്നും: ആധുനിക കാലത്ത് കേരളത്തിലേക്ക് കയറി വന്ന ഭക്ഷണക്രമങ്ങൾ ജനങ്ങളെ വലിയ രോഗികളാക്കുന്നുണ്ട്. പാശ്ചാത്യ അറേബ്യൻ ഫുഡുകൾ പ്രത്യേകിച്ചും നമ്മുടെ കാലാവസ്ഥയ്ക്ക് പറ്റാത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ട് പലതരത്തിലുള്ള രോഗങ്ങൾ പിടിപെടുന്നുണ്ട്. വാത, പിത്ത കഫങ്ങൾ കൂടി ശരീരം അസ്വസ്ഥമാക്കുന്നു. അതിന് വലിയൊരു പരിഹാരമാണ് ഈ ആയുർവേദ കർക്കടക പരിപാലനത്തിന്‍റെ ഭാഗമായുള്ള ഭക്ഷണങ്ങൾ.
അതിൽ പ്രധാനപ്പെട്ടതാണ് കർക്കടക കഞ്ഞി. ഔഷധ സസ്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, ധാന്യങ്ങൾ എന്നിവയുടെ മിശ്രിതം ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഇത് പോഷകസമൃദ്ധവും ചികിത്സാപരവുമായ ഭക്ഷണമാക്കി മാറ്റുന്നു. ദഹനം വർധിപ്പിക്കാൻ, അകം വിഷ വിമുക്തമാക്കാൻ, രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ എന്നിവയ്ക്ക് കർക്കടക കഞ്ഞി പേരുകേട്ടതാണ്. ആയുർവേദ ചികിത്സകളുടെ ഫലങ്ങൾ വർധിപ്പിക്കുന്നതിനും ഇത് അത്യാവശ്യമാണ്. പുറത്ത് കിറ്റുകൾ വാങ്ങി അതേപോലെ ഉപയോഗിക്കാതെ ആയുർവേദ മരുന്നുകളും തുല്യമായി ശരീരത്തിലേക്ക് പ്രവേശിച്ചാൽ മാത്രമേ കഞ്ഞി ഗുണം ചെയ്യുകയുള്ളൂ.
രസായന ചികിത്സ: ഇതിന്‍റെയെല്ലാം കൂടെ രസായന ചികിത്സ കൂടി ചെയ്‌താൽ യൗവനം വീണ്ടെടുക്കാമെന്നും തെളിയിച്ചവരുണ്ട്. വയസ് ഒരു നമ്പർ ആയി കൂടുമ്പോഴും അത് മതിക്കാതെ ചെറുപ്പക്കാരെ പോലെ ജീവിതം ആസ്വദിക്കുന്നത് അതിന്‍റെ ഫലമാണ്. യൗവ്വന കാലഘട്ടത്തിലെ രസായന ചികിത്സ ചെയ്‌ത് കഴിഞ്ഞാൽ ശരീരം ക്ഷയിച്ച് കൊണ്ടിരിക്കുന്നത് കുറയും. എല്ലാ കർക്കടകത്തിലും ഇത് തുടർന്നാൽ ശരീരം ക്ഷയിക്കുന്നത് കുറഞ്ഞു കുറഞ്ഞു വരും
മറുനാടൻ ഭക്ഷണത്തേക്കാൾ ആയുർവേദ ചികിത്സയുടെ കാര്യത്തിലാണ് നമ്മൾ വിദേശികളെ റോൾ മോഡൽ ആക്കേണ്ടത്. തുടർച്ചയായി ഒരുപാട് മാസങ്ങൾ അവർ ജോലി ചെയ്‌താലും വർഷത്തിൽ ഒരു മാസമെങ്കിലും അവർ സുഖചികിത്സയ്ക്കായി മാറ്റി വയ്ക്കുന്നുണ്ട്. കർക്കടകത്തിലോ അല്ലെങ്കിൽ ഇന്ത്യയിൽ വരുന്ന ഏതെങ്കിലും ഒരു സമയത്ത് അവർ ആയുർവേദ പരിചരണത്തിന് വിധേയരാകുന്നുണ്ട്.