കായിക യുവജന കാര്യാലയത്തിന്റെ നേതൃത്വത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ‘കോച്ചസ് എംപവര്‍മെന്റ് പ്രോഗ്രാം 2025’ ന്റെ രണ്ടാം ഘട്ട പരിശീലന പരിപാടിക്ക് തുടക്കമായി. സായി എല്‍എന്‍സിപിയില്‍ നടക്കുന്ന രണ്ടാം ബാച്ചിന്റെ പരിശീലന പരിപാടിയില്‍ സംസ്ഥാനത്തെ വിവിധ കായിക വിഭാഗങ്ങളിലെ പ്രഗല്‍ഭരായ 100 കോച്ചുമാര്‍ പങ്കെടുക്കുന്നു. സായി എല്‍എന്‍സിപി റീജിയണല്‍ ഹെഡും പ്രിന്‍സിപ്പാളുമായ ഡോ. ജി കിഷോര്‍ രണ്ടാം ബാച്ചിന്റെ പരിശീലന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു.
നിങ്ങളെപ്പോലുള്ള ശാക്തീകരിക്കപ്പെട്ട, പ്രബുദ്ധരായ, സജ്ജരായ പരിശീലകരിലൂടെ സംസ്ഥാനത്ത് സ്‌പോര്‍ട്‌സിനായി ശക്തമായ ഒരു അടിത്തറ കെട്ടിപ്പടുക്കുന്നത് തുടരാമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഡോ. ജി കിഷോര്‍ അഭിപ്രായപ്പെട്ടു . ഒരു അര്‍ത്ഥത്തില്‍, അത് പോസിറ്റീവ് ആണെങ്കില്‍, അത് തീര്‍ച്ചയായും സംസ്ഥാനത്തിന്റെ വികസനത്തിന് മാത്രമല്ല, കായിക മേഖലയുടെയും വികസനത്തിനും സംഭാവന നല്‍കും. അവിടെ നമുക്ക് കൂടുതല്‍ പ്രബുദ്ധരാകാനും സ്വയം സജ്ജരാകാനും കഴിയും. നിങ്ങളുടെ സ്വന്തം അറിവ് പരമാവധി പ്രയോജനപ്പെടുത്തുന്നതിനും, നിങ്ങള്‍ക്ക് ലഭിച്ച അറിവുകള്‍ കായിക താരങ്ങള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ കഴിയുന്ന തരത്തില്‍ ഇത് ഉപയോഗപ്പെടുത്തണം. ഈ മേഖലയില്‍ വരുന്ന ഏതൊരു മാറ്റവും നിങ്ങള്‍ സ്വയം നിങ്ങള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. പരിശീലകരുടെ ശാക്തീകരണ പരിപാടി ഒരു പരിശീലന മൊഡ്യൂള്‍ മാത്രമല്ല, ഒരു പരസ്പര സഹായ സഹകരണ പ്രസ്ഥാനമാണ്. കായിക പരിശീലനവും പ്രകടനവും ഉയര്‍ത്തുന്നതിനുള്ള കായിക, യുവജനകാര്യ വകുപ്പ്, കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍, എല്‍എന്‍സിപി എന്നിവയുടെ കൂട്ടായ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന ഒരു പ്രസ്ഥാനം.
വളരെ പ്രഗല്‍ഭരായ കോച്ചുമാര്‍ ഉണ്ടായിരുന്നതുകൊണ്ടാണ് ഇന്നും ഒരു ലോക ചാമ്പ്യനായി നിങ്ങളുടെ മുന്നില്‍ നില്‍ക്കാന്‍ സാധിക്കുന്നതെന്ന് ധ്യാന്‍ചന്ദ് അവാര്‍ഡ് ജേതാവും ലോക ബോക്‌സിംഗ് ചാമ്പ്യനുമായ കെ.സി. ലേഖ പറഞ്ഞു. ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു. കായികതാരമെന്ന നിലയില്‍ എനിക്കു പറയാനുള്ളത് നമ്മുക്ക് ഏറ്റവും പ്രിയപ്പട്ടത് നമ്മുടെ കോച്ചുമാര്‍ തന്നെയാണ്. കേരളത്തിന്റെ കായിക മേഖല എത്രത്തോളം മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റുമെന്നും, വളര്‍ന്നുവരുന്ന നമ്മുടെ കായിക താരങ്ങള്‍ക്ക് എങ്ങനെ മികച്ച പരിശീലനം നല്‍കാം എന്നിവ മനസ്സിലാക്കിത്തരുന്ന ശാക്തീകരണ പരിശീലന പരിപാടിയാണ് ഇവിടെ നടക്കുന്നത്. മികച്ച ഒരു കായിക അധ്യാപകനു മാത്രമെ കായിക താരത്തെ കണ്ടെത്താന്‍ കഴിയു. ഞാന്‍ എസ്എന്‍ കോളേജ് കണ്ണൂര്‍ പഠിക്കുമ്പോള്‍ അത്‌ലറ്റിക്‌സിലൊക്കെ പങ്കെടുത്തു കൊണ്ടിരുന്ന എന്നെ ബോക്‌സിങ്ങിലേക്ക് കൊണ്ടുവന്നത് എന്റെ പരിശീലകനായ വിജിലാല്‍ സാറാണ്. അദ്ദേഹമാണ് എന്നെ ബോക്‌സിങ് കോച്ചായ ജഗന്നാഥന്‍ സാറിന് പരിചയപ്പെടുത്തിയത്. സാറിന്റെ നിര്‍ദ്ദേശ പ്രകാരം കൊല്ലത്ത് നടന്ന എട്ടു ദിവസത്തെ കോച്ചിംഗ് ക്യാമ്പിലൂടെ കിട്ടിയ പാഠങ്ങളുമായിട്ടാണ് ദേശീയ ചാമ്പ്യന്‍ഷിപ്പിനായി ചെന്നൈയിലേക്ക് പോയത്. അവിടെ ഗുജറാത്ത്, ആന്ധ്ര ടീമുകള്‍ക്കെതിരെ മത്സരിച്ച് സ്വര്‍ണ്ണ മെഡല്‍ നേടി. അങ്ങനെ കേരളം എന്നിലൂടെ ആദ്യമായി ബോക്‌സിങ്ങില്‍ സ്വര്‍ണ മെഡല്‍ നേടുകയായിരുന്നു. പിന്നീട് ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കുകയും ഭാസ്‌ക്കര്‍ ചന്ദ്ര ഭട്ട് സാറിന്റെ കീഴില്‍ പരിശീലിക്കുകയും ഇന്ത്യന്‍ ക്യാമ്പിലൂടെ നിരവധി അന്തര്‍ദേശീയ മത്സരങ്ങളിലേക്ക് എത്തപ്പെട്ടത്. ഇതിനെല്ലാം എന്റെ പരിശീലകര്‍ വഹിച്ച പങ്ക് വലുതാണെന്ന് കെ.സി. ലേഖ പറഞ്ഞു.
ചടങ്ങില്‍ ദ്രോണാചാര്യ അവാര്‍ഡ് ജേതാവ്, ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ചീഫ് കോച്ചുമായ രാധാകൃഷ്ണന്‍ നായര്‍, ഡോ.ആര്‍.നടരാജന്‍ ഐആര്‍എസ്, ശ്രീ. ഭാസ്‌കര്‍ ചന്ദ്ര ഭട്ട്, ശ്രീധരന്‍ പ്രദീപ് കുമാര്‍, ശ്രീ. യശ്പാല്‍ സോളങ്കി, ഡോ. സദാനന്ദന്‍ സിഎസ് (അസോസിയേറ്റ് പ്രൊഫ., സായി-എല്‍എന്‍സിപി), ശ്രീ. അക്ഷയ് വി (സ്‌ട്രെങ്ത് & കണ്ടീഷനിംഗ് വിദഗ്ധന്‍) എന്നിവര്‍ പങ്കെടുത്തു. ഡോ. പ്രദീപ് സി.എസ് (അഡീഷണല്‍ ഡയറക്ടര്‍, സ്‌പോര്‍ട്‌സ് & യൂത്ത് അഫയേഴ്‌സ്) സ്വാഗതവും, ഡോ. പി.ടി. ജോസഫ് (എച്ച്പിഎം, ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍) നന്ദിയും പറഞ്ഞു. പരിശീലന പരിപാടിയുടെ രണ്ടാം ഘട്ടം ജൂലായ് 14 മുതല്‍ 18 വരെ എല്‍എന്‍സിപിയില്‍ നടക്കും.
തുടര്‍ന്നു നടന്ന വിവിധ സെഷനുകളില്‍ പ്ലാനിങ് & പീരിയഡൈസേഷനില്‍ ഡോ. പി. ടി. ജോസഫ് & ഡോ. സദാനന്ദന്‍ സി.എസ്, അത്‌ലറ്റിക്‌സ് ഡോ. ആര്‍ നടരാജന്‍ ഐആര്‍എസ്, ബോക്‌സിംഗ് ശ്രീ. ഭാസ്‌കര്‍ ഭട്ട്, നീന്തല്‍ ശ്രീ. എസ് പ്രദീപ് കുമാര്‍, ജൂഡോ ശ്രീ. യശ്പാല്‍ സോളങ്കി, മറ്റ് ഗെയിമുകള്‍/ഇവന്റ് സ്‌ട്രെങ്ന്ത് & കണ്ടീഷനിംഗില്‍ ശ്രീ. അക്ഷയ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. വെള്ളിയാഴ്ച വരെ നടക്കുന്ന പരിശീലന പരിപാടിയില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും.