വാഹനത്തിന്‍റെ വിൻഡ്‌ഷീൽഡിൽ നിശ്ചിത സ്ഥലത്ത് ഫാസ്‌ടാഗ് സ്റ്റിക്കർ പതിപ്പിക്കാതെ ദേശീയപാതകളിൽ വാഹനമോടിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI). ഫാസ്‌ടാഗുകൾ ശരിയായ രീതിയിൽ ഒട്ടിച്ചില്ലെങ്കിൽ ഉടനടി റിപ്പോർട്ട് ചെയ്യുമെന്നും കരിമ്പട്ടികയിൽ ചേർക്കുമെന്നുമാണ് NHAI അറിയിച്ചത്. ടോൾ തട്ടിപ്പ് തടയുകയും ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കുകയും ചെയ്യുന്നതിന്‍റെ ഭാഗമായാണ് ഇത്.
പുതിയ നയം ശക്തമാക്കുന്നത് വഴി ടോൾ പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാക്കാൻ കഴിയുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്‍റെ പ്രസ്‌താവനയിൽ പറയുന്നു. സ്വകാര്യ വാഹന ഉടമയ്‌ക്ക് 3000 രൂപ നൽകി ഒരു വർഷത്തേക്ക് പാസ് വാങ്ങാൻ സാധിക്കുന്ന വാർഷിക പാസ് സിസ്റ്റം, മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ (MLFF) ടോളിങ് പോലുള്ള വരാനിരിക്കുന്ന സംരംഭങ്ങളുടെ സുഗമമമായ നടത്തിപ്പും, ഫാസ്‌ടാഗ് സിസ്റ്റത്തിന്‍റെ വിശ്വാസ്യത ഉറപ്പാക്കേണ്ടതും കണക്കിലെടുത്താണ് പുതിയ നീക്കം.
പല സ്വകാര്യ വാഹന ഉടമകളും വാഹനത്തിന്‍റെ വിൻഡ്‌സ്‌ക്രീനിൽ മനഃപൂർവ്വം ഫാസ്‌ടാഗുകൾ സ്ഥാപിക്കുന്നില്ലെന്ന് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കയ്യിൽ വെയ്‌ക്കുന്ന ഫാസ്‌ടാഗുകൾ അഥവാ ലൂസ് ടാഗുകൾ പലപ്പോഴും ഫാസ്‌ടാഗ് വഴിയുള്ള ടോൾപിരിവ് സംവിധാനത്തിന്‍റെ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയായി തീരും. ഇത് ചിലപ്പോൾ ടോൾ പ്ലാസകളിലെ തിരക്കിന് കാരണമാവും. ടോളിങ് സിസ്റ്റത്തിന്‍റെ ദുരുപയോഗം ഇലക്ട്രോണിക് ടോൾ പിരിവ് സംവിധാനങ്ങളുടെ മൊത്തത്തിലുള്ള നടത്തിപ്പ് തടസ്സപ്പെടുത്തുന്നതിന് വരെ വഴിവച്ചേക്കാം.
ലഭിച്ച വിവരങ്ങൾ അനുസരിച്ച്, തെറ്റായ രീതിയിൽ ഫാസ്‌ടാഗുകൾ ഒട്ടിച്ചവർക്ക് കരിമ്പട്ടികയിൽ ഉൾപ്പെടുന്നത് ഒഴിവാക്കാൻ സമയബന്ധിതമായ തിരുത്തൽ നടപടികൾ സ്വീകരിക്കാനായി NHAI ഒരുങ്ങുന്നുണ്ട്. ഇതിനായി NHAI ഒരു പ്രത്യേക ഇമെയിൽ വിലാസവും നൽകിയിട്ടുണ്ട്. ടോൾ പിരിവ് ഏജൻസികളോടും കൺസഷനർമാരോടും അത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്.
റിപ്പോർട്ടുകൾ ലഭിച്ചുകഴിഞ്ഞാൽ ഇവയുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഫാസ്റ്റ് ടാഗുകളെ കരിമ്പട്ടികയിൽ പെടുത്താനോ ഹോട്ട്‌ലിസ്റ്റ് ചെയ്യാനോ NHAI ഉടനടി നടപടിയെടുക്കും. നിലവിൽ രാജ്യത്തുടനീളമുള്ള ദേശീയപാതകൾ ഉപയോഗപ്പെടുത്തുന്നവരിൽ 98 ശതമാനത്തിലധികവും ടോൾ ചാർജുകൾ അടയ്ക്കാൻ ഫാസ്റ്റ് ടാഗുകൾ ഉപയോഗിക്കുന്നത്. ഇന്ത്യയിലെ ഇലക്ട്രോണിക് ടോൾ പിരിവ് സംവിധാനത്തിൽ വലിയ കുതിപ്പാണ് ഉണ്ടായത്.
എന്നാൽ തെറ്റായ രീതിയിൽ ഒട്ടിച്ച ഫാസ്‌ടാഗുകളാണ് ഇലക്ട്രോണിക് ടോൾ പിരിവ് പ്രവർത്തനങ്ങളുടെ കാര്യക്ഷമതയ്ക്ക് വെല്ലുവിളി ഉയർത്തുന്നത്. ഇത് പരിഹരിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം