18 ദിവസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലേക്ക്. അന്താരാഷ്ട്ര ബഹിരാകാശ നിലയില്‍ നിന്ന് ഡ്രാഗണ്‍ പേടകം വേര്‍പ്പെട്ടു. ബഹിരാകാശ നിലയത്തിലെ ഹാര്‍മണി മൊഡ്യൂളില്‍നിന്ന് വൈകുന്നേരം 4.45 നാണ് ഡ്രാഗണ്‍ പേടകം അണ്‍ഡോക്ക് ചെയ്തത്. 22 മണിക്കൂറോളം ഭൂമിയെ വലംവച്ച ശേഷമാകും പേടകം ഭൗമാന്തരീക്ഷത്തിലേക്ക് കടക്കുക. ശുഭാംശു ശുക്ല അടക്കം നാല് പേരാണ് പേടകത്തിലുള്ളത്. ശുഭാംശു ഉള്‍പ്പെടെ നാലുപേരും പേടകത്തിന് അകത്തുകയറി 2.37ന് ഹാച്ച് ക്ലോഷ്വര്‍ പൂര്‍ത്തിയായിരുന്നു.
നാളെ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞു മൂന്നിനു കലിഫോര്‍ണിയ തീരത്തിനടുത്ത് പസിഫിക് സമുദ്രത്തില്‍ ഡ്രാഗണ്‍ പേടകം വീഴും. തുടര്‍ന്ന് യാത്രികരെ സ്‌പേസ്എക്‌സ് കപ്പലിലേറ്റി തീരത്തേക്കു കൊണ്ടുപോകും. ശുഭാംശു ഉള്‍പ്പെടെ യാത്രികര്‍ ഒരാഴ്ച വിദഗ്‌ധോപദേശ പ്രകാരം വിശ്രമിക്കും. ബഹിരാകാശത്ത് എത്തിയ രണ്ടാമത്തെ ഇന്ത്യക്കാരനാണ് ശുഭാംശു. ആക്സിയം 4 ദൗത്യത്തിന്റെ ഭാഗമായി അറുപതോളം പരീക്ഷണങ്ങള്‍ സംഘം പൂര്‍ത്തീകരിച്ചു. ഏഴെണ്ണം ഐഎസ്ആര്‍ഒയുടേതാണ്.
മടക്കയാത്രയ്ക്ക് മുന്നോടിയായി ഞായറാഴ്ച ശുക്ലയ്ക്കും സംഘത്തിനും നിലയത്തില്‍ യാത്രയയപ്പ് സംഘടിപ്പിച്ചു. രണ്ടരയാഴ്ചത്തെ നിലയജീവിതം വലിയ പാഠശാലയായിരുന്നെന്ന് ശുഭാംശു പറഞ്ഞു. അത്ഭുതവും ആഹ്ലാദവും ആവേശവും പകര്‍ന്ന ദിനങ്ങളാണ് കഴിഞ്ഞുപോയത്. മാനവരാശിയുടെ വലിയ കൂട്ടായ്മയാണ് നിലയമെന്നും ശുക്ല പറഞ്ഞു. ഭൂമിയില്‍നിന്ന് കൊണ്ടുപോയ ഭക്ഷ്യവിഭവങ്ങള്‍ നിലയത്തിലുണ്ടായിരുന്ന മറ്റുള്ളവരുമായി പങ്കു വയ്ക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ സംഘാംഗങ്ങള്‍ പങ്കുവച്ചു.
STORY HIGHLIGHT : indian-astronaut-shubanshu-shukla-set-to-return-to-earth-after-successful-space-mission